Sorry, you need to enable JavaScript to visit this website.

'തൃപ്പൂണിത്തുറയിൽ ഒരു കൊട്ടാരമുണ്ട്, വിൽക്കാൻ റെഡി':  പാലക്കാട് സ്വദേശിയിൽനിന്നു മോൻസൺ തട്ടിയത് 40 കോടി

കോഴിക്കോട്- കേരളത്തിനു പുറത്തും മലയാളികൾ അടക്കം ഒട്ടേറെപ്പേർ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു പരാതിക്കാരനായ അനൂപ് അഹമ്മദ് പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി നൽകുന്നതിനു മുൻപ് വിശദമായ അന്വേഷണം നടത്തിയിരുന്നു. തട്ടിപ്പിനിരയായി കൂടുതൽ പേരെ കണ്ടെത്തി ഒരുമിച്ചു പരാതി നൽകുകയായിരുന്നു ലക്ഷ്യം. ഈ അന്വേഷണത്തിലാണു ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു വിവരം ലഭിച്ചതെന്നു അനൂപ് അഹമ്മദ് വ്യക്തമാക്കി.
ബെംഗളൂരുവിൽ മലയാളികൾ അടക്കം ഒട്ടേറെ പേരിൽ നിന്നായി 50 കോടിയോളം രൂപ തട്ടിയെന്നാണു വിവരം. ബെംഗളൂരുവിൽ പാലക്കാട് സ്വദേശി ഡോ.രാമചന്ദ്രന്റെ 40 കോടി തട്ടിയെടുത്തു. മോൻസനു തൃപ്പൂണിത്തുറയിൽ സ്വന്തമായി കൊട്ടാരമുണ്ടെന്നും വിൽപന നടന്നാൽ കോടിക്കണക്കിനു രൂപ കമ്മിഷൻ നൽകുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ചാണു ഡോ. രാമചന്ദ്രൻ മോൻസനുമായി ഇടപാടുകൾ തുടങ്ങിയത്.
കേന്ദ്ര സർക്കാർ തടഞ്ഞുവച്ച 2.62 ലക്ഷം കോടി  രൂപ കിട്ടാനുണ്ടെന്നു വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി. 10 വർഷമായി പണം നൽകുവെന്നാണു മംഗളൂരു സ്വദേശിയായ യശ്വന്ത് പറയുന്നത്. രാജീവ് എന്നയാളിൽ നിന്ന് 6 കോടി രൂപയും ബെംഗളൂരുവിലെ ഉദ്യോഗസ്ഥനിൽ നിന്ന് 50 ലക്ഷം രൂപയും തട്ടിയെടുത്തതായും അറിയുന്നു. നിലവിൽ പൊലീസിനെ സമീപിച്ച പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദ് അടക്കം കോഴിക്കോട് സ്വദേശികൾ മോൻസനു നൽകിയത് 10 കോടിയോളം രൂപയാണ്.

Latest News