Sorry, you need to enable JavaScript to visit this website.

സ്വപ്നാ സുരേഷിന് ഒളിത്താവളം മോണ്‍സന്റെ വീടോ? ഒരുക്കിയത് പോലീസോ?

കൊച്ചി-നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ കഴിഞ്ഞത് മോന്‍സണ്‍ മാവുങ്കലിന്റെ തണലിലെന്ന് സൂചന. സ്വര്‍ണക്കള്ളക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കടന്നിരുന്നു. ഇത് സംബന്ധിച്ച് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസിന്റെ മൂക്കിന്‍തുമ്പത്ത് ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പോലീസിന്റെ ഈ വീഴ്ചയില്‍ അന്നുതന്നെ സംശയവുമുയര്‍ന്നിരുന്നു. ലോക്ഡൗണില്‍ റോഡ് മുഴുവന്‍ പരിശോധനയുള്ളപ്പോഴാണ് സ്വപ്ന സുരേഷും സംഘവും കാറില്‍ കടന്നുകളഞ്ഞത്.
മാധ്യമങ്ങളില്‍ വിവരം വന്നപ്പോഴാണ് കൊച്ചി സിറ്റി പോലീസ് പേരിന് നഗരത്തില്‍ പരിശോധന നടത്തിയത്. ഇതിനിടെ ബെംഗളൂരുവില്‍ ഇവര്‍ എന്‍.ഐ.എ.യുടെ പിടിയിലായ വിവരം പുറത്തുവരികയായിരുന്നു. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് 'പിന്തുണ' ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ സംശയിച്ചത്.
കൊച്ചിയില്‍ ഏറ്റവും സുരക്ഷിതമായി കഴിയാവുന്ന വസതിയായാണ് മോന്‍സന്റെ വീടിനെ കാണുന്നത്. പുറത്തുനിന്ന് നോക്കുന്ന ആര്‍ക്കും മോന്‍സന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ കഴിയില്ല. പുറത്തെ കാഴ്ചകള്‍ അകത്തറിയാന്‍ നിരവധി ക്യാമറകള്‍ ഒരുക്കിയിട്ടുമുണ്ട്. കൂടെ സുരക്ഷാ ജീവനക്കാരുടെ ഒരു പടയും. കൊച്ചിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയെന്നും സംശയിക്കുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മോന്‍സണ് 'ബീറ്റ് ബോക്സ്' അടക്കം വീടിനു മുന്നില്‍ വെച്ച് പോലീസ് സംരക്ഷണവും ഉറപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെയെത്തി സാധാരണ പോലീസുകാര്‍ പരിശോധന നടത്താനുള്ള സാധ്യതയുമില്ല. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നു. ചേര്‍ത്തല മോന്‍സന്റെ നാടായതിനാല്‍ത്തന്നെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.

Latest News