കൊച്ചി- കാക്കനാട് എംഡിഎംഎ ലഹരി കേസില്‍ കൊച്ചിയിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സുസ്മിത ഫിലിപ്പ് അറസ്റ്റില്‍. ലഹരി സംഘത്തിനിടയില്‍ ടീച്ചര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. കൊച്ചി പാണ്ടിക്കുടി സ്വദേശിയാണ്. വീര്യമേറിയ ലഹരിയായ എംഡിഎംഎയുമായി കാക്കനാട്ട് പിടിയിലായ പ്രതികളുമായി സുസ്മിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് സുസ്മിതയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളെ ജാമ്യത്തിലിറക്കാനും പ്രതികള്‍ ലഹരി കടത്തിന് ഉപയോഗിച്ച വളര്‍ത്തു നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിതയായിരുന്നു. ഇവര്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.