Sorry, you need to enable JavaScript to visit this website.

ക്രഷര്‍ ബിസിനസ്: പി.വി.അന്‍വര്‍ പ്രവാസിയെ വഞ്ചിച്ചെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

മഞ്ചേരി-കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മഞ്ചേരി  ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്‍വര്‍ വഞ്ചന നടത്തിയതായി ചൂണ്ടിക്കാണിക്കുന്നത്.
മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി അന്‍വറിന് വില്‍പന നടത്തിയ കാസര്‍ഗോട്ട് സ്വദേശി കെ. ഇബ്രാഹിമില്‍ നിന്നും ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തിയിരുന്നു.ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം നടുത്തൊടി പട്ടര്‍ക്കടവ് സ്വദേശി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ഭൂമിയും കൈമാറിയതായും മൊഴി നല്‍കിയിട്ടുള്ളത്.പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഉടനെ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.  
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.കേസില്‍ ഇതുവരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്  സമര്‍പ്പിക്കാനും  തുടര്‍ന്ന് എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചിരുന്നു. 2018ന് ശേഷം ക്രഷര്‍ യൂണിറ്റും പരിസരത്തെ സ്ഥലവും പി.വി അന്‍വറിന്റെ പേരില്‍ ഉള്ളതായി തെളിവു ലഭിച്ചിട്ടുണ്ടെന്നും സലീം അന്‍വറിന് പണം കൈമാറിയ സമയത്ത് അന്‍വറിന്റെ പേരില്‍ വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്നതില്‍ തെളിവ് ലഭിച്ചില്ലെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ കര്‍ണാടകയില്‍ പോകാന്‍ നിയന്ത്രണമുണ്ടെന്നും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഇനിയും കൂടുതല്‍ സമയം വേണമെന്നുമുള്ള റിപ്പോര്‍ട്ടാണ് ആദ്യം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നത്.ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി  സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്‍വറിന് ക്രഷര്‍ വില്‍പന നടത്തിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം  ക്വാറന്റീനിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ സമയം തേടുകയും ചെയ്തു. തുടര്‍ന്നാണ് ഇബ്രാഹിമിനെ ചോദ്യം ചെയ്ത് പ്രഥമദൃഷ്ട്യാ അന്‍വര്‍ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് വെള്ളിയാഴ്ച മഞ്ചേരി ചീഫ് ജുഡഷ്യല്‍ മജിസ്ട്രേറ്റ് എസ്. രശ്മി പരിഗണിക്കും.

 

Latest News