കൊച്ചി- തട്ടിപ്പു വീരന്‍ മോന്‍സനെ എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. മൂന്നു ദിവസം ചോദ്യം ചെയ്തിട്ടും മോന്‍സനില്‍ നിന്ന് നിര്‍ണായക വിവരങ്ങളൊന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
എന്തിനാണ് ഇത്രയും വലിയ തട്ടിപ്പുകള്‍ നടത്തിയതെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഞാന്‍ ഇങ്ങനെ 'തള്ളി'യാണ് ജീവിക്കുന്നത്, ആരെയും നിര്‍ബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ലെന്നാണ് മോന്‍സന്‍ മറുപടി നല്‍കിയത്. താന്‍ ഡോക്ടറല്ലെന്നും ആരെങ്കിലും തന്നെ ഡോക്ടര്‍ എന്ന് വിളിച്ചാല്‍ ഞാനെന്തിന് തിരുത്താന്‍ പോകണമെന്നും മോന്‍സന്‍ ചോദിച്ചു.
പുരാവസ്തുക്കളെക്കുറിച്ച് താന്‍ പറയുന്നതിന് ആരും മറുത്തൊന്നും പറയാറില്ല. തര്‍ക്കിക്കാന്‍ ആരും നില്‍ക്കാത്തതിനാല്‍ അങ്ങനെ മുന്നോട്ട് പോവുന്നുവെന്നാണ് മോന്‍സന്റെ ന്യായം. പരാതിക്കാരില്‍ നിന്നും പത്ത് കോടി രൂപ വാങ്ങിയിട്ടില്ല. നാല് കോടി രൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കി. പണമെല്ലാം തന്റെ ആഡംബര ജീവിതത്തിന് വേണ്ടി ചെലവഴിച്ചതാണെന്നും മോന്‍സണ്‍ പറഞ്ഞു.
പ്രതിയെ മൂന്നു ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതിഭാഗം ശക്തമായ എതിര്‍പ്പറിയിച്ചെങ്കിലും പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി മോന്‍സനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.