ദമാം- ഏഴു വര്‍ഷം മുമ്പ് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഘാതകന് നിരുപാധികം മാപ്പുനല്‍കി വധശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ആയിശ ബീവിക്ക് രണ്ട് വര്‍ഷം മുമ്പ് കെ.എം. സി.സി പ്രഖ്യാപിച്ച വീടിന്റെ സമര്‍പ്പണം ഇന്ന്്്.
സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിക്ക് അക്ഷരാര്‍ത്ഥത്തില്‍ അഭിമാന നിമിഷമാണിതെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കടുത്ത ദാരിദ്യത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ കരകയറ്റുന്നതിനായി ഒമ്പത് വര്‍ഷം മുമ്പ് സൗദിയിലെത്തിയ ആയിശയുടെ മകന്‍ ആസിഫിനെ സഹപ്രവര്‍ത്തകനായ യു.പി സ്വദേശി മഹ്‌റാം ചെറിയ വാക് തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
അല്‍ഹസ ശരീഅത്ത് കോടതി മഹ്‌റാമിന് വധശിക്ഷ വിധിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും മാനസിക നില ശരിയല്ലാത്തതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ ജീവിക്കാന്‍ പോലും വകയില്ലാത്ത മഹ്‌റാമിന്റെ കുടുംബത്തിന്റെ നിസ്സഹായവസ്ഥ ബോധ്യമായ അല്‍ അഹസ കെഎംസിസി ഭാരവാഹികള്‍ വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിന് മുന്നിട്ടിറങ്ങുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ കുഗ്രാമത്തില്‍ മഹ്‌റാമിന്റെ കുടുംബത്തെ സന്ദര്‍ശിച്ച കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇവരെ പിന്നീട് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിച്ചു. ഒപ്പം ആസിഫിന്റെ മാതാവിനെയും സഹോദരങ്ങളെയും.
മകനേതായാലും നഷ്ടപ്പെട്ടു. പകരം മറ്റൊരു കുടുംബത്തിനെ കൂടി അനാഥമാക്കിയിട്ട് ഇനി ഖബറില്‍ കിടക്കുന്ന മകനെന്ത് നേടാന്‍...? എന്ന സാദിഖലി ശിഹാബ് തങ്ങളുടെ സാന്ത്വന നിര്‍ദ്ദേശത്തിനു മുമ്പില്‍ പൊന്നോമന മകന്റെ ഘാതകനായ മഹ്‌റാമിന് ആയിശ ബീവി മാപ്പ് നല്‍കുകയായിരുന്നു. ആയിശ ബീവിയുടെ വര്‍ഷങ്ങളായി തുടരുന്ന വാടക വീട്ടിലെ താമസം സാദിഖലി ശിഹാബ്തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് ഇവര്‍ക്കുള്ള ഭാവന നിര്‍മ്മാണത്തിന്റെ ദൗത്യം കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി കമ്മിറ്റി ഏറ്റെടുത്തത്. ആയിശ ഉമ്മയുടെ ആഗ്രഹ പ്രകാരം അവരുടെ പ്രദേശത്ത് തന്നെ സ്ഥലം കണ്ടെത്തിയാണ് ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഇന്ന്്് വൈകീട്ട് നാലിന് ഒറ്റപ്പാലം അമ്പലപ്പാറ പിലാത്തറയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍ എ, എന്‍ ശംസുദ്ധീന്‍ എം.എല്‍ എ,സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ് കുട്ടി, വര്‍ക്കിംഗ് പ്രസിഡനണ്ട് അഷ്റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞുമോന്‍ കാക്കിയ,
കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍,ട്രഷറര്‍ സിപി ശരീഫ് ചോലമുക്ക് എന്നിവര്‍ സംബന്ധിക്കും
കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കൊപ്പം, ഈ ഭവനപൂര്‍ത്തീകരണത്തിനായി ഒത്തൊരുമിച്ച മുഴുവന്‍ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രവിശ്യാ കെ എം സി സി കമ്മിറ്റിയുടെ നന്ദിയും കടപ്പാടും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രവിശ്യാ കെഎം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, ഭാരവാഹികളായ അഷറഫ് ഗസാല്‍ അല്‍ഹസ, മാമു നിസാര്‍ കോടമ്പുഴ, സിദ്ധീഖ് പാണ്ടികശാല, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, അബ്ദുല്‍ അസീസ് എരുവാട്ടി, സലീം അരീക്കാട്, സലീം പാണമ്പ്ര, ഹമീദ് വടകര, നൗഷാദ് തിരുവനന്തപുരം,
പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ബഷീര്‍ ബാഖവി പറമ്പില്‍പീടിക എന്നിവര്‍ സംബന്ധിച്ചു.