അബുദാബി- വിമാന നിരക്ക് കുറയാനുള്ള പ്രവാസികളുടെ കാത്തരിപ്പ് നീളുകയാണ്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ ഉയര്‍ന്നത് തെല്ലൊന്നുമല്ല പ്രവാസികളെ വിഷമിപ്പിക്കുന്നത്. മൂന്നും നാലും ഇരട്ടി വര്‍ധിപ്പിച്ച് പാവപ്പെട്ടവരെ പിഴിയുകയാണ് എയര്‍ലൈനുകള്‍.
വിവിധ രാജ്യങ്ങള്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ നടപടിക്കു ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ജോലിയും ബിസിനസും മക്കളുടെ പഠനവും നഷ്ടപ്പെടുമോ എന്ന വേവലാതിയുമുണ്ട് പലര്‍ക്കും.
ഗള്‍ഫ്-ഇന്ത്യാ സെക്ടറില്‍ സാധാരണ സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയും ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ ഓഫ് പീക്ക് ആയാണ് വിമാനക്കമ്പനികള്‍ കണക്കാക്കിയിരുന്നത്. യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് 800 ദിര്‍ഹത്തിനു (16,000 രൂപ) വരെ നാട്ടില്‍ പോയി മടങ്ങാനുള്ള ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കു വരാന്‍ മാത്രം 32,000 രൂപക്കു മുകളിലാണ് നിരക്ക്.
ഒക്ടോബര്‍ ആകുമ്പോഴേക്കും നിരക്കു കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്കും രക്ഷയില്ല. ഒക്ടോബര്‍ മുതല്‍ ദുബായ് എക്‌സ്‌പോ തുടങ്ങുന്നതിനാല്‍ വരും ആഴ്ചകളിലും വര്‍ധിച്ച നിരക്കു തന്നെയാണ് വിവിധ എയര്‍ലൈനുകളുടെ സൈറ്റിലുള്ളത്.