കണ്ണൂര്‍- വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കി ലക്ഷങ്ങള്‍ തട്ടിയ സ്ഥാപനമുടമ പിടിയില്‍.
കണ്ണൂര്‍ യോഗശാല റോഡില്‍ ഐ.എഫ്.ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം നടത്തുന്ന മയ്യില്‍ കയരളം മൊട്ടയിലെ കെ വി ശ്രീകുമാറി (46) നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത്.
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.പി.സദാനന്ദന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ ശ്രീജിത്ത് കൊടേരിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സ്ഥാപനത്തിന്റെ പേരില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയത്. കുടിയാന്മല നടുവില്‍ സ്വദേശിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ പി.പി.അജയകുമാര്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവരില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം ഡിഗ്രിക്ക് ചേര്‍ന്ന ഇവര്‍ മൂവരും ചേര്‍ന്ന് 2,27,100 രൂപ പഠനത്തിനും ഫീസിനത്തിലുമായി നല്‍കിയിരുന്നു. 2018ലാണ് കോഴ്‌സിനു ചേര്‍ന്നത്. എന്നാല്‍ പരീക്ഷയെഴുതാനുള്ള സംവിധാനം പോലും ഒരുക്കാതെ, 2015-18 കാലയളവില്‍ ബിരുദ പഠനം നടത്തി പാസായി എന്ന പേരില്‍ മധുര കാമരാജ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കുകയായിരുന്നു. എഴുതാത്ത പരീക്ഷ പാസായി എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഈ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം ഉയരുകയും അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ അടക്കം ഇവിടെ നിന്നും കണ്ടെടുത്തു.
ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായി അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേ സ്ഥാപനത്തിന്റെ മറവില്‍ വര്‍ഷങ്ങളായി ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവിടെ ഓരോ ബാച്ചിലും നിരവധി പേരാണ് പഠനം നടത്തിയിരുന്നത്. ഇവര്‍ക്ക് നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.