കർണാൽ- ഹരിയാനയിലെ ഭീമൻ പോത്ത് ഹൃദയാഘാതത്തെ തുടർന്ന് ചത്തു. 21 കോടി രൂപ വില മതിച്ചിരുന്ന സുൽത്താൻ ജോട്ടെയാണ് ചത്തത്. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണം. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുൽത്താൻ പോത്ത്.
1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമൻ പോത്തായിരുന്നു സുൽത്താൻ. 2013-ൽ ജജ്ജാർ, കർണാൽ, ഹിസാർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അഖിലേന്ത്യ അനിമൽ ബ്യൂട്ടി മത്സരത്തിലെ ജേതാവുമായിരുന്നു സുൽത്താൻ ജോട്ടെ. രാജസ്ഥാനിലെ പുഷ്‌കർ കന്നുകാലി മേളയിൽ ഒരു മൃഗസ്‌നേഹി 21 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ സുൽത്താനെ വിൽക്കാൻ ഉടമ നരേഷ് തയ്യാറായിരുന്നില്ല. സുൽത്താൻ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുൽത്താന്റെ പ്രശസ്തി രാജ്യവ്യാപകമായതോടെ സുൽത്താന്റെ ബീജത്തിനായുള്ള ആവശ്യവും വർധിച്ചു. ഓരോ വർഷവും സുൽത്താൻ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.