തിരൂര്‍ (മലപ്പുറം)- സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടുന്ന ഏഴംഗ സംഘം പിടിയില്‍. പ്രതികളില്‍ 5 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്‍ (26), ബിപി അങ്ങാടി പുതിയത്ത് മുഹമ്മദ് സാദിഖ് (20) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത 5 പേരെയുമാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് പ്രതികള്‍ ആളുകളെ വശത്താക്കുന്നത്. പണവും മറ്റും പറഞ്ഞുറപ്പിച്ച് വിളിച്ചുവരുത്തും.
രഹസ്യമായി വിഡിയോയില്‍ പകര്‍ത്തും. ഈ വിഡിയോ പോലീസിനും ബന്ധുക്കള്‍ക്കും കൈമാറുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് രീതി. ഇങ്ങനെ ചെയ്യാതിരിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം. പൊന്നാനി, തിരൂര്‍ പൂക്കയില്‍ സ്വദേശികളുടെ പരാതിയില്‍ തിരൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. 2 പരാതിക്കാരില്‍നിന്നുമായി പ്രതികള്‍ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തു. ഒരാളുടെ ഫോണും കൈക്കലാക്കി.