റിയാദ് - അസീര്‍ പ്രവിശ്യയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്ക് തുടക്കം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചത്. വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ 5,000 കോടി റിയാല്‍ മുതല്‍ മുടക്കിയാണ് പ്രവിശ്യയുടെ സമഗ്ര വികസനം സാധ്യമാക്കുക.
വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഗോള ടൂറിസ്റ്റ് കേന്ദ്രമായി അസീര്‍ പ്രവിശ്യയെ പരിവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവിശ്യയില്‍ സാമൂഹിക, സാമ്പത്തിക വികസനത്തിന് ശക്തിപകരാന്‍ ഇതിലൂടെ സാധിക്കും. 2030 ഓടെ പ്രതിവര്‍ഷം സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ഒരു കോടിയിലേറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ആഗോള ടൂറിസം കേന്ദ്രമാക്കി അസീര്‍ പ്രവിശ്യയെ പരിവര്‍ത്തിപ്പിക്കാനാണ് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു. ഭൂമിശാസ്ത്രപരവും പ്രകൃതിപരവുമായ വൈവിധ്യത്തോടൊപ്പം സാംസ്‌കാരിക, പൈതൃക സമ്പന്നത വെളിപ്പെടുത്തുന്ന ഗുണമേന്മയുള്ള ടൂറിസം പദ്ധതികളിലൂടെ അസീര്‍ പ്രവിശ്യയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ ലക്ഷ്യം നേടുക. അസീറില്‍ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുന്ന ചാലകശക്തിയെന്നോണം ടൂറിസം, സാംസ്‌കാരിക മേഖലയില്‍ പ്രവിശ്യയുടെ പങ്ക് ശക്തിപ്പെടുത്തിയും നടപടിക്രമങ്ങള്‍ എളുപ്പമാക്കിയും സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കും. 2030 ഓടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രവിശ്യയില്‍ ജീവിത ഗുണമേന്മ ഉയര്‍ത്താനും ടെലികോം, ആരോഗ്യം, ഗതാഗതം അടക്കം അടിസ്ഥാന സേവനങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താനും തന്ത്രം സഹായിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.