കോഴിക്കോട് - കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ നിന്നു വലിയ മുഴക്കത്തോടു കൂടിയ അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത ഭൗമശസ്ത്ര സംഘത്തെ നിയോഗിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍നിന്നും വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യും.
പോലൂര്‍ തെക്കേമാടത്ത് ബിജുവും കുടുംബവും താമസിക്കുന്ന വീടിന്റെ അടിത്തട്ടില്‍ നിന്നാണ് അസ്വാഭാവിക മൂളക്കം കേള്‍ക്കുന്നത്. ഇത് പ്രദേശത്ത് ഭീതി പരത്തിയ സാഹചര്യത്തിലാണ് വിദഗ്ധ സംഘമെത്തുന്നത്. പരിശോധനക്കു ശേഷം റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ഹസാര്‍ഡ് അനലിസ്റ്റ്, ജിയോളജിയിലെ അജിന്‍ ആര്‍.എസ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത, സ്ഥിരംസമിതി ചെയര്‍മാന്‍ യു.പി.സോമനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ സുര്‍ജിത്ത് എം.കെ തുടങ്ങിയവര്‍ മന്ത്രിക്കൊമുണ്ടായിരുന്നു.
വീടിന്റെ അടിഭാഗത്തുനിന്നാണ്‌നിന്ന് അസ്വാഭാവിക ശബ്ദം കേള്‍ക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ഇടവിട്ടാണ് ശബ്ദമുണ്ടാകുന്നത്. പാത്രങ്ങളില്‍ നിറച്ചു വെക്കുന്ന വെള്ളം ശബ്ദമുണ്ടാവുമ്പോള്‍ തുളുമ്പുന്നുമുണ്ട്. എന്നാല്‍ ശബ്ദം എവിടെനിന്നാണ് വരുന്നതെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
?