തൃശൂര്‍- ഒന്നര ദിവസം നീണ്ട കൊടി സുനിയുടെ നിരാഹാര നാടകം അവസാനിച്ചു. ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് വിയ്യൂര്‍ അതീവസുരക്ഷാ ജയിലില്‍ ടി.പി കൊലക്കേസ് പ്രതി കൊടി സുനിയുടെ നിരാഹാരസമരം രാത്രിയോടെയാണ് തീര്‍ന്നത്.
തന്നെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു സുനിയുടെ ആവശ്യം. നിരാഹാരം കൊണ്ട് ജയില്‍ മാറ്റം നടക്കില്ലെന്നുറപ്പായതോടെ ഒന്നര ദിവസത്തെ നാടകം അവസാനിപ്പിച്ചു. ജയില്‍ സൂപ്രണ്ടിന് രേഖാമൂലം കത്ത് നല്‍കിയാണ് നിരാഹാരം ആരംഭിച്ചത്.
ജയില്‍ മാറണമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ പാടില്ലെന്നുമാണ് കത്തിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന കൊടി സുനിയെ ഒരു മാസം മുന്‍പാണ് അതീവസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. വധഭീഷണിയുണ്ടെന്ന് കൊടി സുനി തന്നെയാണ് ജയില്‍ അധികൃതരോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. തുടര്‍ന്ന് പ്രത്യേക സുരക്ഷയാണ് കൊടി സുനിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മറ്റ് ജയില്‍പ്പുള്ളികളുമായി സംസാരിക്കുന്നതില്‍ നിയന്ത്രണമുണ്ട്.
തനിക്ക് വധഭീഷണിയുണ്ടെന്ന് പറയുന്ന സുനി പക്ഷേ ഇത്തരം നിയന്ത്രണങ്ങളില്‍ അസ്വസ്ഥനാണ്. നേരത്തെ വിയ്യൂര്‍ ജയിലില്‍ ഇയാളില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിന് തന്നെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു കൊടി സുനിയുടെ മറ്റൊരു ആരോപണം. വിയ്യൂര്‍ ജയിലിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
ഈ സാഹചര്യത്തില്‍ അവിടേക്ക് പോകാന്‍ കഴിയില്ലെന്നാണ് സുനി പറയുന്നത്. അതിനാല്‍ കണ്ണൂരിലേക്ക് തന്നെ മാറ്റണമെന്നാണ് നിര്‍ബന്ധം പിടിക്കുന്നത്. സുനിയുടെ അമ്മ ജയിലില്‍ എത്തിയിരുന്നു. നിരാഹാരം കിടന്നതുകൊണ്ട് കാര്യമില്ലെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജയില്‍ അധികൃതര്‍ അമ്മയെ ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ജയില്‍ അധികൃതര്‍ നല്‍കിയ ഭക്ഷണം വാങ്ങാന്‍ തയാറാവുകയായിരുന്നു സുനി.
കൊടി സുനി നിരാഹാരസമരം നടത്തിയെന്ന് ജയില്‍ അധികൃതര്‍ ആദ്യം സമ്മതിച്ചിരുന്നില്ല.