കോഴിക്കോട് - മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പിനരയാക്കിയവരില്‍ അധികവും കോഴിക്കോട്ടുകാര്‍. വിദേശത്ത് ഖത്തറിലും നാട്ടിലുമായി വ്യത്യസ്തമേഖലകളില്‍ നിക്ഷേപമുള്ള ഏബിള്‍ ഗ്രൂപ്പ് ഉടമകളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍ എന്നിവരാണ് തട്ടിപ്പിനിരയായവരില്‍ പ്രമുഖര്‍. മുക്കം ചെറുവാടി സ്വദേശികളാണിവര്‍. ഇവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ച മറ്റുള്ളവര്‍.
പ്രവാസലോകത്ത് വലിയ നിക്ഷേപമുള്ള ഇവര്‍ മോന്‍സന്‍ മാവുങ്കലിന്റെ കെണിയില്‍ എങ്ങിനെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതുവരെ വിദേശയാത്രപോലും നടത്തിയിട്ടില്ലാത്ത മോന്‍സന്‍ മലയാളി പ്രവാസി ഫെഡറേഷന്റെ ഭാരവാഹി എന്നനിലയിലാണ് ഇവരെ സമീപിച്ചിരുന്നത്. വിദേശത്തുനിന്ന് വന്ന 2.62 ലക്ഷം കോടി രൂപ ഫെമ നിയമകുരുക്കില്‍പ്പെട്ട് ദല്‍ഹിയിലെ ബാങ്കില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നുമായിരുന്നു മോന്‍സന്‍ ഇവരെ പറഞ്ഞുപറ്റിച്ചിരുന്നത്. നിയമപോരാട്ടങ്ങള്‍ക്കായി ഡല്‍ഹിയിലെ പ്രമുഖ ലീഗല്‍ അസോസിയേറ്റ്‌സിനെ ഏല്‍പ്പിച്ചതായും ധരിപ്പിച്ചു.
പണം ഉടന്‍ റിലീസാകുമെന്നും കിട്ടിയാല്‍ പലിശരഹിത വായ്പ തരാമെന്നുമായിരുന്നു ഇവര്‍ക്കു മുന്‍പില്‍ വച്ച ഓഫര്‍. മാത്രമല്ല മോന്‍സന്‍ മാവുങ്കലിന്റെ വിവിധ കന്പനികളില്‍ ഡയറക്ടര്‍മാരാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. പല മേഖലയില്‍ പലതരത്തിലുള്ള നിക്ഷേപമുള്ള പ്രവാസികള്‍ പലിശരഹിത വായ്പയും മോന്‍സന്‍ മാവുങ്കലിന്റെ കമ്പനിയിലെ പങ്കാളിത്തവും സ്വപ്നം കണ്ടാണ് കോടികള്‍ നല്‍കിയത്. വിശ്വസിപ്പിക്കാനായി മന്ത്രിമാരുടെയും കെപിസിസി അധ്യക്ഷനുമായുള്ള ബന്ധവും സിനിമ രംഗത്തടക്കമുള്ള പ്രമുഖരോടൊപ്പമുള്ള ചിത്രവും ഇയാള്‍ ഉപയോഗിച്ചിരുന്നു. മാത്രമല്ല ഇയാളുടെ കൊച്ചി കല്ലൂരിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പലതരത്തിലുള്ള പുരാവസ്തുക്കളും കാണിച്ചിരുന്നു. ഇവയെല്ലാം ആശാരിമാരെയും മൂശാരിമാരെയും ഉപയോഗിച്ച് ഇയാള്‍തന്നെ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്.