അബുദാബി- യു.എ.ഇയില്‍ ഭാഗ്യനറുക്കെടുപ്പില്‍ 777,777 ദിര്‍ഹമിന്റെ സമ്മാനം നേടി പാക്കിസ്ഥാനി പ്രവാസിയുവാവ്. എമിറേറ്റ്‌സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് ഖാലിഖ് ദാദിന് വന്‍ ഭാഗ്യം കൈവന്നത്. ജന്മദിനം ആഘോഷിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ഇരുപത്തേഴുകാരന് ഇരട്ടിമധുരമായി വലിയ സമ്മാനം.
ടിക്കറ്റിലെ ഏഴു നമ്പരുകളില്‍ ആറും സമ്മാനാര്‍ഹമായ നമ്പരിനോട് ഒത്തുവന്നാണ് ഖാലിഖിന് ഭാഗ്യം കൊണ്ടുവന്നത്. എട്ടുവര്‍ഷമായി യു.എ.ഇയില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ഖാലിഖ്.
എന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ തക്കവണ്ണം വലിയൊരു തുകയാണിത്. കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണന. ആദ്യകുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് ഖാലിഖും ഭാര്യയും.
എമിറേറ്റ്‌സ് ഡ്രോയില്‍നിന്നുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ഖാലിഖ് പറഞ്ഞു.