റിയാദ് - ആശ്രിത ലെവി അടച്ചശേഷം ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റിൽ പോവുകയാണെങ്കിൽ ലെവിയിൽ ബാക്കിയുള്ള തുക തിരിച്ചുലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിദേശികളുടെ ഇഖാമ പുതുക്കുന്ന സമയത്ത് ബാങ്കുകൾ വഴി സർക്കാർ സേവനങ്ങൾക്കുള്ള സദാദ് സംവിധാനത്തിലൂടെയാണ് ആശ്രിത ലെവി അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന കാലാവധി വരെയുള്ള ലെവി അടച്ചാൽ മാത്രമേ ഇഖാമ പുതുക്കാനാകൂ. തീരെ അടക്കാതിരുന്നാലും ഭാഗികമായി അടച്ചാലും ബാലൻസ് ഇല്ല എന്ന് കാണിച്ച് ഇഖാമ പുതുക്കൽ തടസ്സപ്പെടും. എന്നാൽ ലെവി അടച്ചുകഴിഞ്ഞാൽ പിന്നീട് യാതൊരു കാരണവശാലും അത് തിരിച്ചുലഭിക്കില്ല.
അതേ സമയം ആശ്രിതരെ ഫൈനൽ എക്‌സിറ്റിൽ വിട്ട് ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവർ ഇഖാമ കാലാവധിക്ക് മുമ്പേ അവരെ നാട്ടിൽ വിടണം. ആശ്രിതർ സൗദി അറേബ്യ വിട്ടാൽ മാത്രമേ കുടുംബ നാഥന്റെ ഇഖാമ പുതുക്കാനാകൂ. ഇഖാമ കാലാവധി അവസാനിക്കുന്നതിന്റെ രണ്ട് മാസം മുമ്പ് അവർക്ക് ഫൈനൽ എക്‌സിറ്റ് അടിച്ചിരിക്കണം. ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം രണ്ടുമാസം സൗദിയിൽ തങ്ങാമെന്നതിനാലാണിത്. രണ്ടു മാസ സമയമില്ലെങ്കിൽ രണ്ടു മാസം പൂർത്തിയാവുന്ന വിധത്തിൽ കണക്കുകൂട്ടി അവർക്ക് ലെവി അടച്ച ശേഷമേ ഫൈനൽ എക്‌സിറ്റ് അടിക്കാനാകൂ. ലെവി അടച്ച് ഫൈനൽ എക്‌സിറ്റടിക്കുകയും പിന്നീട് അബ്ശിർ വഴി ഫൈനൽ എക്‌സിറ്റ് റദ്ദ് ചെയ്യുകയും ചെയ്താലും നേരത്തെ അടച്ച ലെവി തിരിച്ചുകിട്ടില്ല. ഇഖാമ പുതുക്കുന്ന സമയത്ത് അടക്കേണ്ട ലെവിയിൽ ഇതു ഉൾപ്പെടുത്താനാവും. വിദേശികൾക്ക് അവരുടെ ഇഖാമ കാലാവധി അബ്ശിർ, മുഖീം, ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് എന്നിവ വഴി അറിയാനാവുമെന്നും ജവാസാത്ത് അറിയിച്ചു.