Sorry, you need to enable JavaScript to visit this website.

ശക്തമായ മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍, റോഡ് പൂര്‍ണമായും അടഞ്ഞു

മൂന്നാര്‍-ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡിലേക്ക് വലിയ പാറകളും മണ്ണും വീണതോടെ റോഡ് പൂര്‍ണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. ബൈസണ്‍വാലിക്ക് പോകുന്ന ജംക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ് രാത്രി 11 മണിയോടെ മലയിടിച്ചിലുണ്ടായത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്തു തന്നെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.
ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഴമുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരും.
 

Latest News