തിരുവനന്തപുരം- വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ മാസങ്ങളായി കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി കര്‍ഷകരുടെ ഭാരത് ബന്ദ് ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബന്ദിന് സംഘ്പരിവാറിന്റേത് ഒഴികെ കേരളത്തിലെ എല്ലാ ട്രേഡ് യൂനിയനുകളും ഐക്യദാര്‍ഢ്യവുമായി രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കുന്നു. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സംയുക്ത സമര സിമിതി ജനറല്‍ സെക്രട്ടറി എളമരം കരീം എംപി അറിയിച്ചു. എല്‍ഡിഎഫിനു പുറമെ യുഡിഎഫും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. അവശ്യ സേവനങ്ങളെ ഹര്‍ത്താല്‍ ബാധിക്കില്ല. സര്‍വകലാശാല, പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
അവശ്യ സേവനങ്ങള്‍ക്കായി ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വൈകീട്ട് ആറിന് ശേഷമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പതിവു പോലെ ഉണ്ടാകും.