Sorry, you need to enable JavaScript to visit this website.

VIDEO ബഷീറും നാരായണിയും വീണ്ടും സംസാരിച്ചു;പ്രണയത്തെക്കുറിച്ചല്ല

തൃശൂര്‍ - ആണ്‍ ജയിലിനും പെണ്‍ ജയിലിനും മധ്യേയുള്ള മതിലുകള്‍ക്കപ്പുറത്തും ഇപ്പുറത്തും നിന്ന ബഷീറും നാരായണിയും വീണ്ടും സംസാരിച്ചു. പക്ഷേ ഇത്തവണ അവര്‍ സംസാരിച്ചത് പ്രണയത്തെക്കുറിച്ചല്ല. അവര്‍ സംസാരിച്ചതെല്ലാം കോവിഡിനെക്കുറിച്ചും ജാഗ്രതപാലിക്കേണ്ടതിനെക്കുറിച്ചുമായിരുന്നുവെന്ന് മാത്രം.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതി മതിലുകളെ ആസ്പദമാക്കി കോവിഡ് ബോധവത്കരണ ഇല്ലസ്‌ട്രേഷന്‍ വീഡിയോവിലാണ് ബഷീറും നാരായണിയും പുതിയ കാലത്തെക്കുറിച്ച് പരസ്പരം കാണാതെ സംസാരിക്കുന്നത്.
അവര്‍ക്കിടയില്‍ പണ്ടുണ്ടായിരുന്നത് പ്രണയത്തിന്റെ മതിലായിരുന്നെങ്കില്‍ മഹാമാരിയുടെ ഈ കെട്ട കാലത്ത് ആ പ്രണയമതില്‍ പ്രതിരോധത്തിന്റെ മതില്‍കൂടിയായി മാറിയിട്ടുണ്ട്.
മതിലുകള്‍ എന്ന രചനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആരോഗ്യവകുപ്പ് ആരോഗ്യകേരളം കോട്ടയത്തിനു വേണ്ടി ഓക്ക്ട്രീ ബ്രാന്‍ഡ് വാഗണ്‍ നിര്‍മിച്ച ബി ദി വാരിയര്‍ എന്ന ഇല്ലസ്‌ട്രേഷന്‍ വീഡിയോ തികച്ചും പുതുമയാര്‍ന്ന മീഡിയത്തിലൂടെ ബോധവത്കരണം സാധ്യമാക്കുന്നു.
പാലാ സബ് ജയിലിന്റെ മതിലുകളില്‍ ചുമര്‍ ചിത്രങ്ങളായി വരയ്ക്കാന്‍ ശാക്കിര്‍ എറവക്കാട് എന്ന ആര്‍ട്ടിസ്റ്റ് തയ്യാറാക്കിയ ഇല്ലസ്‌ട്രേഷനുകള്‍ കണ്ടാണ് ആരോഗ്യവകുപ്പ് ആ ചിത്രങ്ങള്‍ കോവിഡ് ബോധവത്കരണത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ പഠിച്ച ശാക്കിര്‍ എറവക്കാട് നിരവധി കാര്‍ട്ടുണൂകളിലൂടെയും ചിത്രങ്ങളിലൂടെയും പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളിലൂടേയും ശ്രദ്ധ പിടിച്ചുപറ്റിയ ആര്‍ട്ടിസ്റ്റാണ്.
പാലാ സബ് ജയിലിന്റെ മതിലുകളില്‍ ഈയാഴ്ച ഈ ചിത്രങ്ങള്‍ ശാക്കിര്‍ വരച്ചു തുടങ്ങും.
പുറത്തൊക്കെ ഭയങ്കര തിരക്കാണോ എന്ന നാരായണിയുടെ ചോദ്യത്തോടെയാണ് ബി ദി വാരിയര്‍ എന്ന ഒരു മിനിറ്റ് 21 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഇല്ലസ്‌ട്രേഷന്‍ വീഡിയോ തുടങ്ങുന്നത്.
നാരായണീ ആളുകള്‍ കൊറോണയൊക്കെ മറന്നമട്ടാ എന്ന് ബഷീര്‍ മതിലിനപ്പുറത്തു നിന്ന് മറുപടി നല്‍കുന്നുണ്ടെങ്കിലും സ്‌കെച്ചില്‍ ഒരിടത്തും ബഷീര്‍ പ്രത്യക്ഷപ്പെടുന്നില്ല.
സൂക്ഷിക്കണമെന്നും വല്യേ എഴുത്തുകാരനാണെന്നും പറഞ്ഞ് മാസ്‌കില്ലാതെ പുറത്തിറങ്ങി നടക്കരുതെന്നും മാസ്‌ക് വെറുതെ കഴുത്തില്‍ തൂക്കിയാല്‍ പോരെന്നും രണ്ടു മാസ്‌കിനൊപ്പം രണ്ടു ഡോസ് വാക്‌സിനെടുക്കണമെന്നും   നാരായണി ബഷീറിനെ ഉപദേശിക്കുന്നുണ്ട്. എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ടെന്ന് ബഷീറിന്റെ മറുപടി. ഞാനൊരു ദുര്‍ബലനായ എഴുത്തുകാരനാണെന്നും അവനാണെങ്കില്‍ സര്‍വശക്തനല്ലേയെന്ന് ബഷീര്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ഭയം വേണ്ടെന്നും അവനെ പൊരുതി തോല്‍പ്പിക്കാന്‍ ജാഗ്രത മതിയെന്നും നാരായണി ധൈര്യം നല്‍കുമ്പോള്‍ ഇതും സമരമാണെന്നും രോഗമുക്ത രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സ്വാതന്ത്ര്യ സമരമാണെന്നും വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നതോടെയാണ് ബി ദി വാരിയര്‍ അവസാനിക്കുന്നത്.
ജയിലിന്റെ മതിലില്‍ നാരായണി വരച്ചിട്ടിരിക്കുന്നത് മാസ്‌കും സാനിറ്റൈസറിന്റെ കുപ്പിയും കുറിച്ചിട്ടിരിക്കന്നത് സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നുമാണ്. മതിലിനു മുകളില്‍ ഒരു സാനിറ്റൈസര്‍ കുപ്പിയും കാണാം.
ശ്രുതിരാജ് തിലകനാണ് ബി ദി വാരിയറുടെ ആശയം തയ്യാറാക്കിയത്. ഫേവര്‍ ഫ്രാന്‍സിസ് സ്‌ക്രിപ്‌റ്റൊരുക്കി. ബഷീറിനു വേണ്ടി പ്രേംകുമാര്‍ ശങ്കരനും നാരായണിക്കു വേണ്ടി ആല്‍ഫ ഷഫീക്കും ശബ്ദം നല്‍കി. കെ.ജി.റിച്ചാര്‍ഡ്, ആസ്റ്റിന്‍ സണ്ണി, കൃഷ്ണ കൃഷ്ണകുമാര്‍ എന്നിവരാണ് ബി ദി വാരിയറിന്റെ മറ്റ് ശില്‍പികള്‍.

 

 

 

Latest News