കൊണ്ടോട്ടി- വിമാനത്തിൽ നിന്ന് പുതിയ ടെർമിനലിലേക്ക് ഇറങ്ങുന്ന യാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ പ്രവേശിക്കാനായി ഒരുക്കുന്ന മൂന്ന് എയ്‌റോബ്രിഡ്ജുകളുടെ പൂർത്തീകരണം വൈകുന്നു. കരിപ്പൂരിൽ പുതിയ ടെർമിനലിനോട് ചേർത്ത് നിർമ്മിക്കുന്ന മൂന്ന് എയ്‌റോബ്രിഡ്ജുകളുടെ നിർമ്മാണമാണ് യന്ത്ര സാമഗ്രികൾ എത്തിക്കാനാവാത്തതിനാൽ വൈകുന്നത്. ടെർമിനൽ നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നു കൊടുക്കുമെങ്കിലും മൂന്ന് എയറോബ്രിഡ്ജുകൾ ഡിസംബറിൽ പൂർത്തീകരിക്കാനാണ് സാധിക്കുക. 120 കോടി മുടക്കി വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനൽ മെയ് മാസത്തോടെ പൂർത്തിയാവും. ടെർമിനലിന്റെ മുൻഭാഗം പൂർണമായും ചില്ലു കൊണ്ടാണ് ഒരുക്കുന്നത്. ഇത് രണ്ടു മാസം കൊണ്ട് പൂർത്തിയാക്കി മെയ് മാസത്തോടെ ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും. ഇതിനോട് ചേർത്താണ് മൂന്ന് എയ്‌റോബ്രിഡ്ജുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയെങ്കിലും വിദേശത്ത് നിന്ന് യന്ത്ര സാമഗ്രികൾ എത്തിക്കാനുളള താമസം മൂലം പൂർത്തീകരണം വൈകുകയാണ്.
അഞ്ചു വർഷം മുമ്പ് നിർമ്മിച്ച വിമാനങ്ങൾ നിർത്തിയിടുന്ന പുതിയ റൺവേ ഏപ്രണിനോട് ചേർത്താണ് എയ്‌റോബ്രിഡ്ജുകൾ സ്ഥാപിക്കുന്നത്. നിലവിലുളള പഴയ ടെർമിനലിനോട് ചേർത്ത് മൂന്ന് എയ്‌റോബ്രിഡ്ജുകൾ കരിപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ടെർമിനലിനോട് ചേർത്ത് മൂന്നെണ്ണം കൂടി സ്ഥാപിക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. യന്ത്ര സാമഗ്രികൾ എത്തിച്ച് ഡിസംബറോട് പുതിയ മൂന്ന് എയ്‌റോബ്രിഡ്ജുകൾ പ്രവർത്തനക്ഷമമാക്കാനാകുമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.