ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം;  സ്റ്റീല്‍ പാത്രം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍

തൊടുപുഴ-ആനയിറങ്കല്‍ ജലാശയത്തില്‍ തോട്ടം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായിയുടെ (66) മൃതദേഹമാണ് കണ്ടെത്തിയത്. സ്റ്റീല്‍ പാത്രം ശരീരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാല്‍വഴുതി ഡാമിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം ആനയിറങ്കല്‍ ബോട്ടിങ്ങിന് സമീപം കണ്ടെത്തിയത്. രാവിലെ തോട്ടത്തില്‍ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ സഹോദരന്റെ ഇളയ മകന്‍ ജഗന്‍മോഹന്റെ കൂടെയാണ് താമസിച്ചിരുന്നത്. കാഴ്ച കുറവുള്ള ഇവര്‍ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളത്തായിയെ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട്  ആറു മണി മുതല്‍ തിരച്ചിലില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

Latest News