Sorry, you need to enable JavaScript to visit this website.

അറിവിന്റെ ആഴങ്ങളിൽ

'ഈലാഫ്' എന്നാണ് ഈ വീടിനു പേര്. ഈലാഫ് എന്നാൽ ഇണക്കം എന്നർത്ഥം. ഒരായുസ്സ് മുഴുവൻ വൈജ്ഞാനിക തപസ്സിലർപ്പണം ചെയ്ത് അറിവിനോടും അധ്യാപനത്തോടും ഇണക്കിച്ചേർത്ത ഒരു മഹാധിഷണയുടെ വീടാണിത്. നൂറിലേറെ ഗ്രന്ഥങ്ങളിലൂടെയും ആയിരക്കണക്കിന് പ്രഭാഷണങ്ങളിലൂടെയും ഇസ്‌ലാമിക ജ്ഞാനവഴിയിൽ ജ്വലിച്ചുനിൽക്കുന്ന പണ്ഡിതപ്രതിഭ എ അബ്ദുസ്സലാം സുല്ലമിയുടെ 'ഈലാഫി'ലേക്ക് കേറിച്ചെല്ലുമ്പോൾ, മുറ്റത്തു നിറയെ പൂക്കൾ പുഞ്ചിരിച്ചു നിൽക്കുന്നുണ്ട്. ചെറുതും വലുതുമായ ചെടികൾ, മത്സ്യക്കുഞ്ഞുങ്ങൾ നീന്തിത്തുടിക്കുന്ന കൊച്ചുകുളമൊരുക്കി വെച്ച പടികൾ കയറിയെത്തിയാൽ പുസ്തകങ്ങൾ കൊണ്ട് ശ്വാസം തിങ്ങിയ ഒരു മുറിയുണ്ട്. ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന മഹാഗ്രന്ഥങ്ങൾ അഴകിലമർന്നിരിക്കുന്ന ഈ മുറിയിൽ പുസ്തകങ്ങൾ കഴിഞ്ഞാൽ പിന്നെയുള്ളത് മുഴുവൻ പൂക്കളാണ്. പലനിറത്തിലും വർണത്തിലുമുള്ള പൂക്കൾ. ചുമരിലും എഴുത്തുമേശയിലും പൂക്കൾ. എഴുത്തിന്റെ കഠിനവഴികളിലൂടെ ഒരു സമൂഹത്തിനു മുഴുവൻ ധൈഷണിക വെളിച്ചം പ്രസരിപ്പിച്ച ജ്ഞാനതപസ്വിയുടെ എഴുത്തുമുറിയാണിത്. ഈ കുഞ്ഞുമുറിയിൽ നിന്ന് ചൊരിഞ്ഞ അറിവിന്റെ കൈവഴികൾ മഹാസമുദ്രങ്ങളായി പ്രവഹിക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകളായിരിക്കുന്നു. ഇളം പ്രായത്തിൽ തന്നെ മതവിജ്ഞാനങ്ങളുടെ വഴികളിലേക്ക് സ്വയം ഇറങ്ങിച്ചെന്ന ജീവിതമാണ് അബ്ദുസ്സലാം സുല്ലമിയുടേത്. വീട്ടിലെത്തിയാൽ ആദ്യം ചെടികൾക്ക് വെള്ളമൊഴിക്കുന്നു, പൂക്കളെ തലോടുന്നു, മീൻ കുഞ്ഞുങ്ങളുടെ വിശേഷമറിയുന്നു, വീട്ടിലെത്തുന്ന കുഞ്ഞുങ്ങൾക്ക് മിഠായിപ്പൊതികൾ കാത്തുവെക്കുന്നു, പാട്ടും കവിതയും കേൾക്കുന്നു. ഇതാണ് ഈ പണ്ഡിതന്റെ ജീവിതചര്യ.

1970 ൽ എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ എസ് എസ് എൽ സി പാസ്സായപ്പോൾ പ്രധാനാധ്യാപകനായ മുഹമ്മദ് മാസ്റ്റർ അടക്കം പറഞ്ഞത് മമ്പാട് എം ഇ എസ് കോളേജിൽ ചേരാനായിരുന്നു. പക്ഷേ സ്‌കൂളിലെ ഏറ്റവും മിടുക്കനായിരുന്ന അബ്ദുസ്സലാമിന് ജീവിതത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ തിളക്കമേറെയുള്ള അരീക്കോട്ടേക്ക് ഉപരിപഠനത്തിനായി പോകാൻ അബ്ദുസ്സലാം തീരുമാനിച്ചു. പിതാവ് എ അലവി മൗലവി നവോത്ഥാന ചരിത്രത്തിലെ ഉജ്വലമായ ഒരു അധ്യായത്തിന്റെ പേരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും മുസ്‌ലിം നവോത്ഥാന ധാരയിലും നിവർന്നുനിന്ന് പോരാടിയ ആ മഹാമനീഷിയുടെ മകന്, തന്റെ നിയോഗത്തെക്കുറിച്ച് ബോധ്യപ്പെടാൻ അധികകാലം ആവശ്യമുണ്ടായിരുന്നില്ല. പിതാവ് ഒന്നിലും നിർബന്ധിച്ചില്ല, മക്കളുടെയെല്ലാം കാര്യത്തിൽ സ്വതന്ത്രമായ കാഴ്ചപ്പാട് പുലർത്തിയ അലവി മൗലവി അബ്ദുസ്സലാമിന്റെ തീരുമാനത്തേയും സ്വാഗതം ചെയ്തു. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജിൽ ചേർന്നതോടെ അബ്ദുസ്സലാം വായനയുടേയും പഠനത്തിന്റേയും വിശാലതയിലേക്ക് പടികൾ കേറി. 

പാതിരാവുകളിലും പകൽ വെളിച്ചത്തിലും മഹാഗ്രന്ഥങ്ങളുടെ മുന്നിലിരുന്നു. മറ്റു വിദ്യാർഥികൾ കളികളിലേർപ്പേട്ടപ്പോഴും അബ്ദുസ്സലാം ജ്ഞാനമാർഗത്തിലൂടെ ഒറ്റയ്ക്ക് നടന്നു. കട്ടിയുള്ള ഗ്രന്ഥങ്ങൾ ഹൃദയത്തോട് ചേർത്തുപിടിച്ചു. ആ മഹാഗ്രന്ഥങ്ങളിലൂടെ ലോകപ്രസിദ്ധരായ ചിന്തകന്മാർ അബ്ദുസ്സലാമിന്റെ ഏറ്റവുമടുത്ത കൂട്ടുകാരായി. അവർ നടന്ന വഴിയിലൂടെ അബ്ദുസ്സലാമും നടന്നു. അഞ്ചു വർഷത്തെ കോളെജ് ജീവിതം വായനയുടെ പൂക്കാലമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടേയും ചേകന്നൂർ മൗലവിയുടേയും ചിന്തകളും പുസ്തകങ്ങളും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കുന്ന കാലമായിരുന്നു അത്. അവയുടെ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്ന കയ്യെഴുത്ത് മാഗസിൻ അബ്ദുസ്സലാം പുറത്തിറക്കിയത് കോളേജിൽ വലിയ സ്വാധീനമുണ്ടാക്കി. വിദ്യാർത്ഥീകാലത്തു തന്നെ പ്രഭാഷകൻ എന്ന നിലയിലും ശ്രദ്ധേയനായിത്തീർന്നു. പഠനശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചു. കൊടുവള്ളിയിൽ അധ്യാപകനായിരിക്കെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ലഘുലേഖ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചു. 

ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടിരുന്ന ആ കാലത്ത് ഈ ലഘുലേഖ പുറത്തിറക്കിയ അബ്ദുസ്സലാം സുല്ലമി ജമാഅത്ത് പ്രവർത്തകനാണെന്ന് കാണിച്ച് യാഥാസ്ഥിതികർ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തു. അലവി മൗലവിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന വിദ്യാഭാസ മന്ത്രി ചാക്കീരി അഹ്മദ്കുട്ടി ഇടപെട്ട് വയനാട് ജില്ലയിലെ വാകേരിയിലേക്ക് സ്ഥലം മാറ്റം കൊടുത്തു. വയനാട്ടിലെത്തിയതോടെ കൂടുതൽ വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. സ്‌കൂൾ സമയം കഴിഞ്ഞാൽ വായന തന്നെയായിരുന്നു മുഴുവൻ. 

അതിനിടെയാണ് പിതാവ് അലവി മൗലവിയുടെ അന്ത്യം. ആ മരണം അബ്ദുസ്സലാം സുല്ലമി അടക്കമുള്ള മക്കളെ മാത്രമല്ല, ജാമിഅ നദ്‌വിയ്യ എന്ന സ്ഥാപനത്തേയും അനാഥമാക്കി. അലവി മൗലവിയുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ആ കലാലയം. അധ്യാപകരുടെ ക്ഷാമം സ്ഥാപനത്തെ വല്ലാതെ ഉലച്ചു. ശമ്പളം നൽകാനുള്ള വക പോലും ഇല്ലാതിരുന്ന ആ കാലത്ത്, സ്‌കൂളിൽ നിന്ന് ലീവെടുത്ത് അബ്ദുസ്സലാം സുല്ലമി ജാമിഅയിൽ ചേർന്ന് പിതാവിന്റെ സ്വപ്നങ്ങൾക്ക് നിറം കൊടുത്തു. ലീവ് കഴിഞ്ഞിട്ടും സ്‌കൂളിലേക്ക് പോകാതിരുന്നതിനാൽ അധികൃതർ നടപടിക്കൊരുങ്ങി. അതോടെ സർക്കാർ ജോലി എന്ന സുരക്ഷാ കവചത്തിൽ നിന്ന് പുറത്തുകടന്ന് മതാധ്യാപനത്തിന്റെ കഠിനവഴിയിലേക്ക് പ്രവേശിച്ചു. മൂവായിരത്തോളം രൂപ ശമ്പളമായി ലഭിച്ചിരുന്ന സ്‌കൂൾ ജോലി ഉപേക്ഷിച്ച്, കഷ്ടിച്ച് ലഭിക്കുന്ന കൊച്ചുശമ്പളം മാത്രം വരുമാനമാക്കി, പൂർണ സംതൃപ്തിയോടെ ഒരു വലിയ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായി.
ജാമിഅയിലെ അധ്യാപനം അബ്ദുസ്സലാം സുല്ലമിയുടെ വൈജ്ഞാനിക ജീവിതത്തെ പ്രഫുല്ലമാക്കി. നബിവചന ഗ്രന്ഥങ്ങളിലേറെയും ആഴത്തിൽ പഠനവിധേയമാക്കാൻ ആ കാലം ഉപകരിച്ചു. എല്ലാ ഗ്രന്ഥങ്ങളും ആദ്യാവസാനം വായിച്ച് നോട്ടുകളാക്കി സംഭരിച്ചു. ആ നോട്ടുകൾ പിന്നീടുള്ള പ്രബോധന ജീവിതത്തെ തിളക്കമുള്ളതാക്കി. ചേകന്നൂർ അബുൽ ഹസൻ മൗലവിയുടെ നേതൃത്വത്തിൽ നടന്ന ഹദീസ് വിരുദ്ധ പ്രഭാഷണങ്ങളേയും എഴുത്തിനേയും ഒരുവേള ഒറ്റയ്ക്കുനിന്ന് നേരിട്ടത് അബ്ദുസ്സലാം സുല്ലമിയായിരുന്നു. ചേകന്നൂർ മൗലവിയേക്കാൾ എത്രയോ ചെറുപ്പമായിരുന്ന അബുദുസ്സലാം സുല്ലമിയുടെ വെല്ലുവിളികൾക്കു മുന്നിൽ ഹദീസ് വിരുദ്ധ പ്രക്ഷോഭകാരികൾ നിരായുധരായി. 

എടവണ്ണയിൽ നടന്ന ഒരു പ്രഭാഷണത്തിലേക്ക് കേറിച്ചെന്ന് ചേകന്നൂർ മൗലവിയോട് ചോദ്യമുന്നയിച്ച അരീക്കോട്ടെ ആ വിദ്യാർഥി സർവരേയും ഞെട്ടിച്ചുകളഞ്ഞു. ചേകന്നൂർ മൗലവിയുടെ ഹദീസ് വിരുദ്ധ കലാപം കൊണ്ട് കേരളത്തിലെ മുസ്‌ലിംകൾക്ക് കിട്ടിയ ഏറ്റവും മികച്ച സംഭാവനയെന്ന് എ അബുസ്സലാം സുല്ലമിയെ വിളിക്കാം. കാരണം, ചേകന്നൂരിന്റെ വിമർശന പ്രഭാഷണങ്ങളും ഹദീസ് വിരുദ്ധ പരിഹാസങ്ങളുമായിരുന്നു അബ്ദുസ്സലാം സുല്ലമിയുടെ ജീവിതത്തെ ഹദീസ് പഠനങ്ങളിലേക്കും നബിവചന വിശകലനങ്ങളിലേക്കും കൊണ്ടെത്തിച്ചത്. 

ഹദീസുകളെ ഇഴപിരിച്ച് പഠന വിധേയമാക്കി ചെറുതും വലുതുമായ ഗ്രന്ഥങ്ങൾ പുറത്തിറക്കി. ഇമാം ബുഖാരിയുടെ ലോകപ്രസിദ്ധമായ ഹദീസ് ഗ്രന്ഥത്തിന്റെ സമ്പൂർണ പരിഭാഷയടക്കം മലയാളത്തിലേക്കെത്തിച്ചത് അബ്ദുസ്സലാം സുല്ലമിയാണ്. വിശുദ്ധ ഖുർ ആൻ മുഴുവൻ മന:പാഠമാകുന്നത്ര അടുപ്പം ഖുർ ആനുമായി കാത്തുവെച്ചു. 'ഖുർ ആനിന്റെ വെളിച്ചം' എന്ന പേരിൽ പുറത്തിറക്കിയ ഖുർ ആൻ വിശദീകരണ വാള്യങ്ങൾ ഏറെ സ്വീകരിക്കപ്പെട്ടു. മനുഷ്യരുടെ അനുഭവ പരിസരങ്ങളുമായി ചേർത്തുവെച്ചുകൊണ്ടുള്ള വിശകലനങ്ങളാണ് ഖുർ ആനിനുണ്ടാകേണ്ടതെന്ന് അബ്ദുസ്സലാം സുല്ലമി എന്നും വാദിച്ചു. കേവല വ്യാഖ്യാനങ്ങളേക്കാൾ അർഥങ്ങളുടെ മഹാസാഗരമായ ഖുർ ആനിനെ മനുഷ്യാനുഭവങ്ങളോട് ചേർത്തുവെക്കുമ്പോൾ അതിനു തിളക്കം വർധിക്കുന്നത് അബ്ദുസ്സലാം സുല്ലമിയുടെ വിശദീകരണ ഗ്രന്ഥത്തിൽ കാണാം. ഇതേ മാർഗത്തിലൂടെ മുന്നേറിയ ഇമാം റാസിയുടേയും ഇമാം റശീദ് രിദായുടേയും ഗ്രന്ഥങ്ങൾ അബ്ദുസ്സലാം സുല്ലമിക്ക് ഏറെ പ്രിയങ്കരമാകുന്നതും അതുകൊണ്ടുതന്നെ. ഇരുപതിലേറെ വർഷങ്ങൾ പിന്നിട്ട ഖുർ ആൻ പഠന ക്ലാസ്സുകൾ വരെ അബ്ദുസ്സലാം സുല്ലമിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. 

ബൈബിളും ഭാരതീയ വേദങ്ങളും മാത്രമല്ല, നോവലുകളും ചെറുകഥകളും കവിതകളുമെല്ലാം അബ്ദുസ്സലാം സുല്ലമിയുടെ പുസ്തകപ്പുരയെ ചേതോഹരമാക്കുന്നു. മതത്തെ പരുക്കൻ സംവാദങ്ങളിലേക്ക് തള്ളുന്ന മതപണ്ഡിതന്മാരുടെ പതിവുവഴികളിലൂടെയല്ല അബ്ദുസ്സലാം സുല്ലമിയുടെ യാത്ര. ചിന്തയിലും കാഴ്ചപ്പാടിലും നിലപാടിലും അദ്ദേഹം പരുക്കൻ ശീലങ്ങളോട് പിണങ്ങുന്നു. ഊന്നലുകളിൽ വഴിപിഴയ്ക്കുന്നവരോട് അബ്ദുസ്സലാം സുല്ലമി സ്‌നേഹപൂർവം തർക്കിക്കുന്നു. മതത്തെ അടയാളങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്ന പഴയതും പുതിയതുമായ പൗരോഹിത്യത്തോട് ചോദ്യങ്ങളുയർത്തുന്നു. 

താടിയിലും വസ്ത്രത്തിലും മാത്രം ഇസ്‌ലാമിനെ അളക്കുന്നവരോട് നെഞ്ചുവിരിച്ച് പൊരുതി. സ്ത്രീ വിരുദ്ധമാണ് നമ്മുടെ പണ്ഡിത നിലപാടുകളെന്ന് ഒറ്റയ്ക്ക് വിളിച്ചുപറഞ്ഞു. പുരുഷമേധാവിത്തമില്ലാത്ത മതത്തിൽ എങ്ങനെ സ്ത്രീവിരുദ്ധത വരുത്തുമെന്ന് ചങ്കുറപ്പോടെ ചോദ്യമുന്നയിച്ചു. ആധുനിക ലോകത്തിന്റെ വൈവിധ്യ സമസ്യകളെ ഇസ്‌ലാമിക ആത്മീയത കൊണ്ട് പൂരിപ്പിച്ചു. മതമെന്നാൽ മൂല്യങ്ങളുടേയും സംസ്‌കാരത്തിന്റേയും സദ്‌വിചാരത്തിന്റേയും സമസൃഷ്ടി സ്‌നേഹത്തിന്റേയും സഞ്ചയമാണെന്ന് വീണ്ടും വീണ്ടും പറഞ്ഞു. ഇക്കാരണങ്ങളാൽ തന്നെ മതത്തെ മതിലുകളാക്കാൻ കൊതിക്കുന്ന യാഥാസ്ഥികരിലും പുരോഗമന വാദികളിലുമുള്ള പൗരോഹിത്യ അഹന്തകൾക്ക് അബ്ദുസ്സലാം സുല്ലമിയെ ഉൾക്കൊള്ളാനാകാത്തതിൽ അദ്ഭുതമില്ല. ജീവിതത്തിന്റെ നേരിൽ നിന്ന് കാലത്തിനു നേരെ മതമുല്യങ്ങൾ പടർത്തുന്ന ഈ മഹാധിഷണയായിരുന്നു സലാം സുല്ലമി. 

(പി.എം.എ ഗഫൂറിന്‍റെ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു...)
 

Latest News