ദുബായ്- ഇന്ത്യന്‍ വ്യവസായി ബി. ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യു.എഇ. എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ വിസ് ഫിനാന്‍ഷ്യലിന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കി.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നു പ്രതിസന്ധിയിലായ യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം യു.എ.ഇയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
ഇസ്രായില്‍ കമ്പനി പ്രിസം അഡ്വാന്‍സ്ഡ് സൊല്യൂഷ്യന്‍സും അബുദാബിയിലെ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്‌ണേഴ്‌സും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചത്.
തുടര്‍ന്ന് കണ്‍സോര്‍ഷ്യം വിസ് ഫിനാന്‍ഷ്യല്‍ എന്ന പേരിലേക്കു മാറി. ഏറ്റെടുക്കല്‍ നടപടിയുടെ ഏറ്റവും പ്രധാനഘട്ടമായിരുന്നു സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി. കമ്പനി വീണ്ടെടുക്കുന്നതിന്റെ പ്രധാന നടപടിയാണിതെന്ന് ഫിനാബ്ലര്‍ ഗ്രൂപ്പ് സിഇഒ റോബ് മില്ലെര്‍ പറഞ്ഞു.
100 കോടി ഡോളറിന്റെ വായ്പ ഫിനാബ്ലര്‍ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്ന് മറച്ചുവച്ചതായി നേരത്തേ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടിയെന്നും വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ 2020 ഫെബ്രുവരിയില്‍ ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങി. തുടര്‍ന്ന് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.