കണ്ണൂർ- സംസ്ഥാനത്ത് സി.പി.എം സംഘടനാ സമ്മേളനങ്ങൾ നടക്കുമ്പോൾ, ഇതിന്റെ വേവലാതി മുഴുവൻ കുത്തുപറമ്പ് കിണവക്കിലെ ഒരു വീട്ടമ്മയ്ക്കാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥലങ്ങളിലെ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക തയാറാക്കുന്നത് ഈ വീട്ടിലാണ്.
കൂത്തുപറമ്പ് കണവക്കൽ പുറക്കളം ഗണപതിക്ഷേത്ര പരിസരത്തെ കുറിയവീട്ടിൽ ബിന്ദുവിന്റെ നേതൃത്വത്തിലാണ് പാർട്ടി പതാകകൾ തയാറാക്കുന്നത്. പല വലുപ്പങ്ങളിലുള്ള പതാകകൾക്ക് പുറമെ, പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും ആലേഖനം ചെയ്ത സാരിയും മുണ്ടും ടീഷർട്ടും തോരണങ്ങളും കുടയും വേണം.
സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സമ്മേളനമായതിനാൽ 23 പതാകകളാണ് സമ്മേളന നഗരിയിൽ സ്ഥാപിക്കേണ്ടത്. ഇതിൽ ഒരു വലിയ പതാക നഗരിയിൽ ഉയർത്താനും ബാക്കിയുള്ള 22 ചെറു പതാകകൾ ഒപ്പം സ്ഥാപിക്കാനുമാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്. പതാകകൾ തയാറാക്കി നൽകുന്നതിന് ബിന്ദു പ്രത്യേകം പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 22 ചെറിയ പതാകകളും ഒരു വലിയ പതാകയും അടങ്ങുന്ന പായ്ക്കറ്റിന് 175 രൂപയാണ് വില. ഇതിനാണിപ്പോൾ ആവശ്യക്കാർ കൂടുതൽ. ആയിരക്കണക്കിന് പതാകാ പായ്ക്കറ്റ് വിറ്റുകഴിഞ്ഞു. ഇപ്പോൾ ബ്രാഞ്ച് സമ്മേളനം കഴിയുന്നതേ ഉള്ളൂ. അതിന് 23 കൊടികൾ മതിയാകും.
ഒക്ടോബർ ആദ്യവാരം ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. ലോക്കൽ സമ്മേളനങ്ങൾ തുടങ്ങിയാൽ ഒരു ലോക്കലിലേക്ക് മാത്രം എത്രയോ ഇരട്ടി പതാകകൾ വേണ്ടിവരും. കാരണം സമ്മേളനം നടക്കുന്ന പ്രദേശമാകെ അലങ്കാരമുണ്ടാകും.
പാർട്ടി കോൺഗ്രസ് അടുത്ത ഏപ്രിലിൽ കണ്ണൂരിലാണ് നടക്കുക. അതിനാൽ ഇത് കഴിയും വരെ ബിന്ദുവിന് വിശ്രമമില്ല. കാരണം തുടർച്ചയായാണ് ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നത്. ഇക്കുറി സംസ്ഥാന സമ്മേളന വേദി എറണാകുളമാണ്. കണ്ണൂർ ജില്ല സമ്മേളനമാകട്ടെ പഴയങ്ങാടിക്കടുത്ത് എരിപുരത്തും.
ബിന്ദുവിന്റെ വീട്ടിലും പുറക്കളത്തെ കടയിലുമായി 20 പേരാണ് പതാക തയ്ക്കുന്നത്. ഒരു ദിവസം ചുരുങ്ങിയത് 1000 പതാകയെങ്കിലും തയാറാക്കും. പത്തുകൊല്ലം മുമ്പാണ് ബിന്ദുവും ഭർത്താവ് കെ. പ്രദീപനും ചേർന്ന് പതാക വിൽപന തുടങ്ങിയത്. ആദ്യം ചെറിയ കടയിലായിരുന്നു. പിന്നെ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലങ്ങളിൽ സ്റ്റാളിടാൻ തുടങ്ങി. ആലപ്പുഴയും തൃശൂരും സംസ്ഥാന സമ്മേളന നഗരിയിൽ ഇട്ട സ്റ്റാളുകൾ ഹിറ്റായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഇവിടുന്നാണ് ഇപ്പോൾ പതാക ബസിലും വിവിധ കൊറിയർ കമ്പനികൾ വഴിയും അയക്കുന്നത്. കടയിൽ നേരിട്ടും വിൽപനയുണ്ട്.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടികൾ ഇവർ തയ്യാറാക്കാറുണ്ട്. ഇരുവശത്തും ഒരു പോലെ പാർട്ടി ചിഹ്നവും എഴുത്തും വരുന്ന ടെക്‌സ്‌റ്റൈൽ പ്രിന്റിങ് ചെയ്ത തുണി 50 മീറ്റർ വീതമുള്ള ചുരുളുകളായി അഹമ്മദാബാദിൽ നിന്ന് വരുത്തുകയാണ്. ഇത് മുറിച്ച് അരിക് അടിച്ച് കെട്ടാനുള്ള വള്ളി തുന്നിച്ചേർത്ത് പതാക രൂപത്തിലാക്കി കൊടുക്കും. പത്തുരൂപ മുതൽ 150 രൂപ വരെയുള്ള പതാകകൾ ബിന്ദുവിന്റെ സ്ഥാപനത്തിൽ തയ്യാറാക്കി വരുന്നു.
ഇതിന് പുറമെ, സാരികളിലും മറ്റും പാർട്ടി ചിഹ്നങ്ങൾ പതിച്ചു കൊടുക്കുകയും ചെയ്യും. ഓർഡറുകൾ അനുസരിച്ച് ഒരേ ഡിസൈനുകളിലുള്ള സാരികൾ വാങ്ങിയാണ്പാർട്ടി സാരികൾ തയാറാക്കുന്നത്.
സമ്മേളന നഗരികളിൽ പാർട്ടിയുടെ ശക്തിയും അഭിമാനവുമായി ഈ പതാകകൾ പാറുമ്പോൾ, ബിന്ദുവെന്ന വീട്ടമ്മയുടെയും അനേകം കുടുംബങ്ങളുടെയും ജീവിതം കൂടിയാണ് ശക്തിയാർജിക്കുന്നത്.