കോട്ടയം- മുസ്ലിം ന്യൂനപക്ഷത്തിനുണ്ടായ വേദന മന്ത്രി വി.എന്‍. വാസവനുമായി പങ്കവെച്ചതായി കോട്ടയം താഴത്തങ്ങാടി ഇമാം ശംസുദ്ദീന്‍ മന്നാനി പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച മന്ത്രി വി.എന്‍ വാസവന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത് വിവാദമായിരുന്നു.
മന്ത്രി വാസവന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് താഴത്തങ്ങാടി ഇമാം തങ്ങള്‍ക്കുണ്ടായ വേദന പങ്കുവെച്ചത്.
പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ ഇമാം ശംസുദ്ദീന്‍ മന്നാനി അതൃപ്തി അറിയിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയോടെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായെന്നും മന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗത്തെ വേദനപ്പിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദമായതോടെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരില്‍ ഒരാളായിരുന്നു ശംസുദ്ദീന്‍ മന്നാനി. സി.എസ്.ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനുമായി കൂടിക്കാഴ്ച നടത്തുകയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ശംസുദ്ദീന്‍ മന്നാനിയെയും സി.എസ്.ഐ സഭാ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനെയും സന്ദര്‍ശിച്ചിരുന്നു. ബിഷപ്പും ഇമാമുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം മാതൃകയാണെന്നും ഇരുവരെയും അഭിനന്ദിക്കാനാണ് എത്തിയതെന്നുമാണ് വി.ഡി സതീശന്‍ പറഞ്ഞിരുന്നത്.