റിയാദ് - ഒക്‌ടോബര്‍ ഒന്നു മുതല്‍ പത്തു വരെ റിയാദ് ഫ്രന്റില്‍ നടക്കുന്ന റിയാദ് ഇന്റര്‍നാഷണല്‍ ബുക്‌ഫെയര്‍ നഗരിയിലേക്കുള്ള പ്രവേശനം ടിക്കറ്റുകള്‍ വഴി ക്രമീകരിക്കുമെന്ന് ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ അറിയിച്ചു.
ബുക്‌ഫെയര്‍ നഗരിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ റിയാദ് ബുക്‌ഫെയര്‍ വെബ്‌സൈറ്റ് ലിങ്ക് https://tickets.riyadhbookfair.org.sa വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. പ്രവേശന ടിക്കറ്റ് സൗജന്യമാണ്. അപേക്ഷകരുടെ ആരോഗ്യനില ഉറപ്പുവരുത്താനും ആരോഗ്യ മന്ത്രാലയം ബാധകമാക്കിയ വ്യവസ്ഥകള്‍ ബാധകമാക്കാനും ടിക്കറ്റ് ബുക്കിംഗ് ലിങ്കിനെ 'തവക്കല്‍നാ' ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകരും സംഘാടകരും ബുക്‌ഫെയറില്‍ പങ്കെടുക്കുന്നരും അടക്കം എല്ലാവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ ബാധകമാക്കുന്നത്.
ഇരുപത്തിയെട്ടു രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ പ്രസാധാകര്‍ ഈ വര്‍ഷത്തെ റിയാദ് ബുക്‌ഫെയറില്‍ പങ്കെടുക്കും. 36,000 ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള സ്ഥലത്താണ് ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നത്. പാചകകലകളുടെ ലൈവ് പ്രദര്‍ശനത്തിന് പ്രത്യേക സ്ഥലങ്ങള്‍ സജ്ജീകരിക്കുന്ന ബുക്‌ഫെയറില്‍ ശില്‍പശാലകളും കവിയരങ്ങുകളും സംവാദ സെഷനുകളും നാടകങ്ങളും മറ്റും അരങ്ങേറും. നാടകങ്ങള്‍ ബുക്‌ഫെയര്‍ നഗരിക്ക് പുറത്തുള്ള മൂന്നു തിയേറ്ററുകളിലാണ് നടക്കുക. ഇതില്‍ രണ്ടെണ്ണം പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റി കോംപൗണ്ടിലും ഒന്ന് കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററിലുമാണ്. മലയാളത്തില്‍നിന്ന് സി.സി ബുക്‌സ് ഇക്കുറി അന്താരാഷ്ട്ര പുസ്തക മേളക്കെത്തുന്നുണ്ട്.