തിരുവനന്തപുരം- പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാതര്‍ വീടുകളില്‍ പതിക്കുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ റെയ്ഞ്ച് ഐ.ജിമാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍ പെട്ടത്. ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സമാനമായ പ്രചാരണം കഴിഞ്ഞ വര്‍ഷം വടക്കന്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.