നെടുമ്പാശ്ശേരി- കോവിഡ് ഭീതിയില്‍ നാട്ടില്‍ കുടങ്ങിയ പ്രവാസികളുടെ മടക്കയാത്ര മുതലാക്കി വിമാന കമ്പനികളുടെ വന്‍ ചൂഷണം. പതിനായിരം മുതല്‍ പതിനയ്യായിരം വരെ നിരക്ക് ഉണ്ടായിരുന്ന ഗള്‍ഫ് മേഖലയിലേക്ക് അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് ടിക്കറ്റിന് ഈടാക്കുന്നത് .അടുത്ത ദിവസം പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് പരിഷ്‌ക്കരണവും പ്രവാസികളെയാണ് പ്രതികൂലമായി ബാധിക്കുന്നത് .ഇതുവരെ മുപ്പത് ദിവസത്തിലൊരിക്കല്‍ ആണ് ടിക്കറ്റ് നിരക്ക് പരിഷ്‌ക്കരിച്ചിരുന്നത്.കഴിഞ്ഞ ദിവസം മുതല്‍ ഇത് പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ആക്കിയതായി വിമാന കമ്പനികള്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട് .ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാല്‍ പോലും മുന്‍കുട്ടി വാങ്ങിയ ടിക്കറ്റിന് പരിഷ്‌ക്കരിച്ച നിരക്ക് നല്‍കേണ്ട സ്ഥിതിയാണുള്ളത് .
എങ്ങനെയും ഗള്‍ഫില്‍ എത്താന്‍ ശ്രമിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ പരമാവധി പിഴിയുവാനുള്ള ശ്രമം ആണിത് .കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിട്ടില്ല .
നിലവില്‍ യു എ ഇ യിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മാത്രമാണ് കുറവുണ്ടായിട്ടുള്ളത്.എങ്കില്‍ പോലും പഴയ നിരക്കായ പതിനായിരം മുതല്‍ പതിനയ്യായിരം വരെയുള്ള തുകയുടെ മൂന്നിരട്ടി ഇപ്പോഴും നിലവിലുണ്ട് .കുവൈത്ത് ,ബഹ്‌റൈന്‍ , ദോഹ , റിയാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് .കൊച്ചിയില്‍ നിന്നും കുവൈത്തിലേക്കുള്ള ടിക്കറ്റ് കിട്ടുവാന്‍ ഏറേ ബുദ്ധിമുട്ടാണ് ഇന്‍ഡിഗോ , എയര്‍ ഇന്ത്യ എക്‌സ്പ്രസ് , ജസീറ എയര്‍ലൈന്‍സ് ,കുവൈത്ത് എയര്‍വെയ്‌സ് എന്നീ വിമാന കമ്പനികള്‍ കുവൈത്ത് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട് .ചെലവ് കുറയ്ക്കുവാന്‍ നിരവധി പേര്‍ മാലി , കൊളോബോ തുടങ്ങിയ വിമാനതാവളങ്ങള്‍ വഴി പോകുന്നുണ്ട് . മാലി വിമാനതാവളത്തില്‍ ക്വാറന്റൈന്‍ പ്രശ്‌നം അഭിമുഖകരിച്ച ഒരു പറ്റം യാത്രക്കാരെ കൊച്ചിയിലേക്ക് തിരിച്ചയക്കുകയുണ്ടായി .കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് പോന്ന പ്രവാസികള്‍ക്ക് പുതിയ വിസ ലഭിച്ച സാഹചര്യത്തില്‍ ഏത് വിധേനയും ഗള്‍ഫില്‍ എത്തി ജോലിയില്‍ പ്രവേശിക്കേണ്ടത് നിലനില്‍പിന്റെ പ്രശ്‌നമാണ്.