പന്തളം-ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവില്‍നിന്നു 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
പോലീസ് പറയുന്നത്: 2020 ഏപ്രിലിലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാര്‍വതി യുവാവില്‍നിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നല്‍കി. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8,000 രൂപയും ചെലവഴിച്ചു.
വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോള്‍ പാര്‍വതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാന്‍ പാര്‍വതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനില്‍ ലാല്‍ ഭര്‍ത്താവാണെന്നും ഇവര്‍ക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്.തുടര്‍ന്നു പന്തളം പോലീസില്‍ പരാതി നല്‍കി. എസ്എച്ച്ഒ എസ്.ശ്രീകുമാര്‍, എസ്‌ഐ ടി.കെ.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.