Sorry, you need to enable JavaScript to visit this website.

ഐ.എസില്‍ ചേര്‍ന്ന 100 മലയാളികളില്‍ മതംമാറിയത് ആറുപേര്‍ മാത്രം- മുഖ്യമന്ത്രി

തിരുവനന്തപുരം- 2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെനിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആസംഘടനയില്‍ എത്തിപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്‌ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍നിന്നും ഇസ്്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ഐ.എസില്‍ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശം അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

Latest News