റിയാദ് - റിയാദിനും അൽബാഹക്കുമിടയിലെ ദൈർഘ്യവും യാത്രാ സമയവും കുറക്കുന്ന പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നതായി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രാലയം പറഞ്ഞു. പുതിയ റോഡിന് 170 കിലോമീറ്ററാണ് നീളം. ആറു ഘട്ടമായാണ് പുതിയ റോഡ് നിർമിക്കുന്നത്. ഇതിൽ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്. മൂന്നാം ഘട്ടത്തിന്റെ നിർമാണ ജോലികൾ 38 ശതമാനവും നാലാം ഘട്ട ജോലികൾ 65 ശതമാനവും അഞ്ചാം ഘട്ട ജോലികൾ 36 ശതമാനവും അവസാന ഘട്ട ജോലികൾ അഞ്ചു ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ട്.
റോഡിലെ ഇന്റർസെക്ഷനുകളുടെ നിർമാണ ജോലികൾ 87 ശതമാനം പൂർത്തിയായിട്ടുണ്ട്. അൽബാഹയിൽ നിന്ന് റിയാദിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കുമുള്ള ദൂരവും യാത്രാ സമയവും കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ റോഡ് നിർമിക്കുന്നത്. നിലവിലെ റിയാദ്-അൽബാഹ റോഡിനെ അപേക്ഷിച്ച് പുതിയ റോഡ് റിയാദ്-അൽബാഹ ദൂരം 280 കിലോമീറ്റർ കുറക്കും. മന്ത്രാലയത്തിനു കീഴിലെ റോഡുകളിൽ ഗതാഗത സുരക്ഷാ നിലവാരവും പശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റിയാദ്-അൽബാഹ റോഡ് നിർമിക്കുന്നതെന്നും ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രാലയം പറഞ്ഞു.