Sorry, you need to enable JavaScript to visit this website.

തലസ്ഥാന നഗരത്തില്‍ പോലീസിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം- തലസ്ഥാന നഗരത്തില്‍ പൊലീസിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ കഞ്ചാവ്, ലഹരിമരുന്ന് വേട്ടക്കായി രൂപീകരിച്ച സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ( ഡാന്‍സാഫ്)-ല്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. കേസുകളില്‍ കൃത്രിമം കാട്ടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സാഫിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു കേസുകള്‍. ഇതിലെ പ്രതികളെയും ഡാന്‍സാഫ് 'സൃഷ്ടി'ച്ചതാണെന്ന് കണ്ടെത്തി. ലോക്കല്‍ പോലീസ് ഉന്നയിച്ച ചില ആരോപണങ്ങളെ തുടര്‍ന്നാണ്  ഇന്റലിജന്‍സ് വിഭാഗം ഡാന്‍സാഫിനെതിരെ രഹസ്യാന്വേഷണം നടത്തിയത്. ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി ഡാന്‍സാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പോലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest News