കോഴിക്കോട് ജില്ലയുടെ തെക്കേ അറ്റത്തുള്ള കടലുണ്ടി, കേരളത്തിന്റെ ടൂറിസം മാപ്പിൽ ശ്രദ്ധേയമായ ഒരിടം കണ്ടെത്തിയ ഒരു ചെറുപ്രദേശമാണ്. സംസ്ഥാനത്തെ ആദ്യ കമ്യൂണിറ്റി റിസർവ് ആണെന്നതാണ് കടലുണ്ടിയെ മറ്റു ടൂറിസം പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. പ്രദേശ വാസികളുടെ ഉപജീവന മാർഗം തടസ്സപ്പെടുത്താതെ പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല അല്ലെങ്കിൽ സംരക്ഷിത വനമേഖലകളാണ് കമ്യൂണിറ്റി റിസർവുകൾ ആയി അറിയപ്പെടുന്നത്. ഇത്തരത്തിൽ ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെട്ട 45 കമ്മ്യൂണിറ്റി റിസർവിൽ പെട്ട കേരളത്തിലെ ഏക പ്രദേശമാണ് ഇവിടം.
കടലുണ്ടി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തുകളിലെ സ്ഥലങ്ങൾ ഉൾപ്പെട്ട കമ്മ്യുണിറ്റി റിസർവിലാണ് പ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി ഈ പക്ഷിസങ്കേതം പരന്നുകിടക്കുന്നു. നൂറിലേറെ തദ്ദേശീയ പക്ഷി വർഗങ്ങളും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം. മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും പറന്നെത്തുത്തുന്നവയാണ് ദേശാടന പക്ഷികളിൽ ഏറെയും. ഇതിൽ തന്നെ സൈബീരിയൻ കൊക്കുകളാണ് എണ്ണത്തിൽ കൂടുതൽ. തൊട്ടടുത്തുള്ള റെയിൽവേ പാലത്തിൽ നിന്നുള്ള, കണ്ടൽ കാടുകൾ നിറഞ്ഞ പക്ഷിസങ്കേതത്തിന്റെ കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്. പാലത്തിലൂടെ കൂകി വിളിച്ചു വരുന്ന തീവണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ഒന്നായി പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങൾ നൽകുന്ന വിസ്മയ വിരുന്ന് ഏറെ ആനന്ദകരമാണ്.
പക്ഷി സങ്കേതം ഉൾക്കൊള്ളുന്ന കടലുണ്ടി പുഴ മലിനമായതും വാഹന ഗതാഗതം അധികരിച്ചതും കടലുണ്ടിയിലേക്കുള്ള ദേശാടന പക്ഷികളുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. എത്തിച്ചേരുന്നവ തന്നെ തിങ്ങി നിറഞ്ഞ കണ്ടൽ കാടുകളുടെ ഉൾപ്രദേശങ്ങളിലാണ് ചേക്കേറുന്നത്. ഇത്തരത്തിൽ ഒതുങ്ങിക്കൂടി കഴിയുന്നവയെ തേടിപ്പോകാൻ കടലുണ്ടി പുഴയിലൂടെ തോണിയിൽ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കി എട്ടോളം സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ മേഖല ആയതിനാൽ തന്നെ യന്ത്രങ്ങൾ ഘടിപ്പിക്കാത്ത പാരമ്പര്യ രീതിയിലുള്ള തോണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. തിങ്ങി നിറഞ്ഞ പച്ചപ്പുള്ള കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള യാത്ര അനുഭവിച്ചറിയേണ്ട ഒന്നാണ്. കടലുണ്ടിയിലെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് മുന്നോട്ട് പോകുമ്പോൾ വിരുന്നെത്തിയ പക്ഷികളെ കാണാം. കൂടാതെ പുഴയിൽ നീന്തിത്തുടിക്കുന്ന വിവിധ തരം ചെറു മീനുകളെയും കാണാം. ആമ, ഞണ്ട് എന്നിവയെ കൂടാതെ പുഴയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിൽ പതിഞ്ഞു കിടക്കുന്ന പ്രത്യേക തരം പുറ്റുകൾ പോലുള്ള മുരുവും കാണാം. ഇതിലേക്ക് കയറുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കാലുകളിൽ മുറിവുണ്ടാക്കും.
കടലുണ്ടി റെയിൽവേ പാലത്തിനടിയിൽ നിന്നും ആരംഭിക്കുന്ന തോണിയാത്ര അവസാനിക്കുന്നത് കടലുണ്ടി വള്ളിക്കുന്ന് പഞ്ചായത്തുകൾക്കിടയിലുള്ള ചെറുതുരുത്തുകളിലാണ്. കേര വ്യക്ഷങ്ങൾ നിറഞ്ഞ അര ഡസനോളം ചെറു ദീപുകൾ ഇവിടെയുണ്ട്. ഇവയിലെ താമസക്കാരുടെ എണ്ണം പരിമിതമായതിനാലാകാം ഇവിടത്തെ വീടുകൾക്കിടയിൽ മതിൽ കെട്ടുകളില്ല. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും കഴിഞ്ഞു കൂടുന്ന ഇവരുടെ ജീവിത പഠനം തന്നെ യാത്രാ ലക്ഷ്യമാക്കാവുന്നതാണ്.
യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ നല്ല നാടൻ ഭക്ഷ്യ വിഭവങ്ങളുടെ കലവറ തന്നെ ഒരുക്കിയിട്ടുണ്ടാകും മിക്ക തോണി യാത്ര ഒരുക്കുന്ന സംഘങ്ങളും. വിനോദ യാത്രകളിൽ പൊതുവെ മനം മടുപ്പിക്കാറുള്ള ഹോട്ടൽ രുചിയിൽ നിന്നും വേറിട്ട ഒരു രുചിക്കൂട്ട് ചേർത്ത് ഒരുക്കുന്ന ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് വീട്ടമ്മമാരാണ്. കലർപ്പില്ലാത്ത ചേരുവകൾ ചേർത്ത് പാകം ചെയ്യുന്ന കടൽ, പുഴ മത്സ്യങ്ങൾ ഉൾക്കൊള്ളിച്ച വിഭവങ്ങൾ തെങ്ങിൻ തോപ്പിലിരുന്നു രുചിക്കുന്ന അനുഭൂതി മറ്റൊരിടത്തും ലഭിക്കില്ല. കരിമീൻ, ഞണ്ട്, ചെമ്മീൻ, മുരു ഇറച്ചി, കല്ലുമ്മക്കായ തുടങ്ങിയ വിഭവങ്ങളാണ് സഞ്ചാരികൾക്കായി ഇവിടെ സാധാരണ ഒരുക്കാറുള്ളത്.
വൈകുന്നേരത്തോടെ കടലുണ്ടി കടവിൽ എത്തിച്ചേർന്നാൽ, അതുവരെ കത്തിജ്വലിച്ചു നിന്ന സൂര്യൻ സൗമ്യ ഭാവം പൂണ്ട് അറബിക്കടലിൽ അലിഞ്ഞു ചേരുന്ന കുളിരുള്ള കാഴ്ച ഒരുക്കാനായി ഒരുങ്ങുന്നുണ്ടാകും. കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്നിടത്ത് പുതുതായി നിർമിച്ച പാലത്തിനടിയിലുള്ള മണൽ തിട്ടകളിൽ കുട്ടികളോടൊന്നിച്ചു കളിക്കുമ്പോൾ നമ്മുടെ കുട്ടിക്കാലം തിരികെ ലഭിച്ചതായി തോന്നും. പാലത്തിന്റെ മറുകരയിൽ മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശത്തുള്ള, കടലിലേക്ക് ഉന്തിക്കിടക്കുന്ന പാറക്കെട്ടുകളിൽ തിരമാലകൾ ഒരുക്കുന്ന സംഗീതം, അസ്തമയ സൂര്യനൊരുക്കുന്ന ചുവന്ന വെളിച്ചത്തിൽ കാതുകൾക്ക് കൂടുതൽ ഇമ്പമുള്ളതാക്കും. പാറക്കെട്ടുകൾക്കിടയിൽ സ്വാഭാവികമായുണ്ടായ വെള്ളക്കെട്ടുകളിൽ അപകടമേതുമില്ലാതെ നീന്തിക്കളിക്കാം.
എല്ലാം കഴിഞ്ഞു തിരികെ പാലത്തിൽ കയറിയാൽ ഒരു പകലിന്റെ സുന്ദര നിമിഷങ്ങളുടെ സമാപ്തിയെ സൂചിപ്പിക്കാനെന്ന പോലെ അസ്തമയ സൂര്യൻ തയ്യാറായിട്ടുണ്ടാകും.
അറബിക്കടലിനോട് ഏറ്റവും അടുത്ത് കടലിലെന്ന പോലെ നിർമിച്ചിട്ടുള്ള പാലത്തിൽ നിന്നുള്ള സായാഹ്‌ന കാഴ്ച ആസ്വാദ്യകരമായ അനുഭവമാണ്. ചുവന്ന വെളിച്ചം വാരി വിതറിയുള്ള ആദിത്യന്റെ വിട വാങ്ങൽ കിരണങ്ങൾക്ക് നമ്മോട് ഇനിയും എന്തെല്ലാമോ പറയാനുണ്ടെന്ന് തോന്നും. പടിഞ്ഞാറു ഭാഗത്ത് കടലിൽ മുങ്ങി കെട്ടുപോയ വെളിച്ചത്തെ ഓർത്ത് കിഴക്കോട്ട് തിരിഞ്ഞാൽ സങ്കടമെല്ലാം കാറ്റിൽ പറത്തി, പുതിയ ഇടങ്ങൾ തേടിയുള്ള യാത്രയൂടെ തുടർച്ച സൂചിപ്പിക്കുമാറ് തെക്കോട്ടും വടക്കോട്ടും ഓടുന്ന തീവണ്ടികൾ ഒരുക്കുന്ന പ്രതീക്ഷയുടെ യാത്ര കാണാം.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് കടലുണ്ടിയിൽ ദേശാടന പക്ഷികളെ ധാരാളമായി കാണാൻ കഴിയുന്ന സമയം. കോഴിക്കോട്ടു നിന്ന് 19 കിലോമീറ്ററും ബേപ്പൂർ തുറമുഖത്തു നിന്ന് ഏഴ് കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം. തീവണ്ടിയിൽ വരുന്നവർ കടലുണ്ടി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയാൽ നടന്ന് എത്തിച്ചേരാവുന്ന ദൂരമേ ഉള്ളൂ. കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ഇവിടെനിന്നു 25 കിലോ മീറ്റർ ദൂരെയും കോഴിക്കോട് സർവകലാശാല പത്ത് കിലോമീറ്റർ അകലെയുമാണ്. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് കടലുണ്ടി ടൂറിസം ഇൻഫർമേഷൻ സെന്ററിൽ 00919895675477 എന്ന നമ്പറിലോ കമ്യൂണിറ്റി റിസർവ് സ്ഥാപക ചെയർമാൻ അനിൽ മരാത്തിനെ +919447006456 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഫോട്ടോ: യൂനുസ് കടലുണ്ടി (ലെൻസ് മാൻ സ്റ്റുഡിയോ)