കൊച്ചി- യാത്രാ നിരക്ക് കുറക്കുന്നതടക്കമുള്ള സുപ്രധാന പരിഷ്‌കരണ നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കടക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം പുതിയ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഇന്ന് കെ എം ആർ എൽ ആസ്ഥാനത്ത് നടത്തും.
നവംബറോടെ മെട്രോ യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷമെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ നടക്കുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് കൊച്ചി മെട്രോയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ലോകനാഥ് ബെഹ്‌റ. പാർക്കിങ് നിരക്കിനു പിന്നാലെയാണ് മെട്രോയിലെ ടിക്കറ്റ് നിരക്കും കുറക്കാനൊരുങ്ങുന്നത്. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയർന്നിട്ടുണ്ട്. മെട്രോ യാത്ര ഒഴിവാക്കുന്നതിന് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിലൊന്ന് ഉയർന്ന നിരക്കാണ്.
മെട്രോയിൽ യാത്രക്കാർ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ കെ എം ആർ എൽ പൊതുജനങ്ങൾക്കിടയിൽ വിപുലമായ സർവെ നടത്തിയിരുന്നു. ഓൺലൈനായും മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സ്റ്റേഷനുകളുടെ ചുറ്റളവിലുള്ള സ്‌കൂളുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലുമായി നടന്ന സർവെ കഴിഞ്ഞ ദിവസം പൂർത്തിയായി. സർവെയിൽ ലഭിച്ച ഭൂരിപക്ഷാഭിപ്രായങ്ങൾ കണക്കിലെടുത്തുള്ള മാറ്റങ്ങളാണ് നടപ്പാക്കുക. പാർക്കിങ്, ടിക്കറ്റ് നിരക്കുകൾ ഉയർന്നു നിൽക്കുന്നതാണ് ഒട്ടേറെപ്പേർ മെട്രോയുടെ പോരായ്മയായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പാർക്കിങ് നിരക്കിന്റെ കാര്യത്തിൽ പെട്ടെന്നുതന്നെ നടപടിയുണ്ടായി.
കോവിഡ് പ്രതിസന്ധിക്ക് മുൻപ് ദിവസം ശരാശരി 70,000 യാത്രക്കാർ വരെയുണ്ടായിരുന്ന മെട്രോയിൽ ലോക്ഡൗണും മറ്റുമായതോടെ യാത്രക്കാർ കുറഞ്ഞു. ഇപ്പോൾ ദിവസം ശരാശരി 12,000നും 20,000നും ഇടയിൽ മാത്രമാണ് യാത്രക്കാരുള്ളത്. വൻ സാമ്പത്തിക നഷ്ടത്തിലാണ് മെട്രോയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത്.
ഈ സാഹചര്യത്തിൽ മെട്രോയെ ജനപ്രിയമാക്കാനുള്ള വിവിധ പരിപാടികൾ വിവിധ തലങ്ങളിൽ നടപ്പാക്കുകയാണ് ലോക്‌നാഥ് ബെഹ്‌റ. കൊച്ചി മെട്രോ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 നു നടത്തിയ കേക്ക് ഫെസ്റ്റിവൽ വൻവിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിനെ തുടർന്ന് കൊച്ചി മെട്രോ സെപ്റ്റംബർ 24 ,25 തീയതികളിൽ രാവിലെ 8 മുതൽ രാത്രി 8 മണിവരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ടാറ്റൂ- മെഹന്തി ഫെസ്റ്റ് നടത്തും. പ്രതിഭാശാലികളായ കലാകാരന്മാർക്കുള്ള മികച്ച വേദിയാണിത് . താൽപര്യമുള്ളവർക്ക് കൊച്ചി മെട്രോയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു ഇടപ്പള്ളി സ്റ്റേഷനിൽ സൗജന്യമായി സ്ഥലം ബുക്ക് ചെയ്യാനാകും.
സാമൂഹ്യമാധ്യമങ്ങളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് മാതൃകയിൽ ട്രോളുകളിലൂടെ ജനങ്ങളിലേക്കെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. യാത്രക്കാർക്കുള്ള വിവരങ്ങൾ ട്രോളുകളായും പങ്കുവയ്ക്കുന്നുണ്ട്. പാർക്കിങ് ഫീസ് കുറച്ച പ്രഖ്യാപനമാണ് ആദ്യ ട്രോളായി അവതരിച്ചത്. മികച്ച പ്രതികരണമാണ് ഈ ട്രോളുകൾക്ക് ലഭിക്കുന്നതെന്ന് മെട്രോ അധികൃതർ പറഞ്ഞു. പ്രതികരണങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയും മെട്രോ ടീം എഫ്.ബി പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. പോലീസിലെ ‘സൈബർ മീഡിയ' വിഭാഗത്തിന്റെ മാർഗനിർദേശങ്ങളും മെട്രോ ട്രോൾ ടീമിന് ലഭിക്കുന്നു.