Sorry, you need to enable JavaScript to visit this website.

നവയുഗം തുണയായി; പ്രതീക്ഷകൾ  അസ്തമിച്ച ഇന്ത്യക്കാരി നാടണഞ്ഞു

അൽഹസയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായ ഹലീമക്ക് മണി  മാർത്താണ്ഡം യാത്രാ രേഖകൾ കൈമാറുന്നു. ഹുസൈൻ കുന്നിക്കോട് സമീപം.

ദമാം- നിറച്ചാർത്തണിഞ്ഞ സ്വപ്‌നങ്ങളുമായി സൗദിയിലെ പ്രവാസം തെരഞ്ഞെടുത്ത ഇന്ത്യക്കാരി ദുരിതങ്ങളേറെ സഹിച്ചതിന് ശേഷം നാടണഞ്ഞു. ശമ്പളമില്ലാതെ ആറ് മാസത്തോളം ജോലി ചെയ്യാൻ നിർബന്ധിതയായ ഗുജറാത്ത് വഡോദര സ്വദേശിനി ഹലീമ നവയുഗം സാംസ്‌കാരിക വേദി പ്രവർത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. 
മൂന്നു മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇവർ  വനിതാ അഭയ കേന്ദ്രത്തിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്.  ഒരു വർഷം മുമ്പാണ് ഹലീമ അൽഹസയിൽ വീട്ടുജോലിക്കായി എത്തിയത്. നാട്ടിൽ മൂന്നു പെണ്മക്കൾ ഉൾപ്പെടുന്ന ദരിദ്രമായ കുടുംബത്തിനെ കരപറ്റിക്കാമെന്ന ചിന്തയോടെയാണ് 50,000 രൂപ ഒരു വിസ ഏജന്റിന് നൽകി ഇവർ പ്രവാസം തെരഞ്ഞെടുത്തത്. എന്നാൽ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എന്ന അവസ്ഥയായിരുന്നു ഹലീമക്ക് നേരിടേണ്ടി വന്നത്. മോശം ജീവിത സാഹചര്യങ്ങളും കഠിനമായ ജോലിയും ശകാരവും ഒക്കെ നേരിട്ടെങ്കിലും, കുടുംബത്തെയോർത്ത് അവർ പിടിച്ചു നിന്നു. എന്നാൽ ആദ്യത്തെ മൂന്നു മാസം കഴിഞ്ഞപ്പോൾ ശമ്പളം കിട്ടാതെയായി. ചോദിച്ചാൽ അടുത്ത മാസം തരാമെന്നു പറയും. ഇങ്ങനെ ആറു മാസത്തോളം ശമ്പളം കുടിശ്ശികയായി. പ്രതിഷേധിച്ചപ്പോൾ ശകാരവും, ഭീഷണിയും കേൾക്കേണ്ടി വന്നു. ഒടുവിൽ ആരുമറിയാതെ ആ വീടിന് പുറത്തു കടന്ന ഹലീമ, സമീപത്തെ പോലീസ് സ്‌റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ അൽഹസ വനിതാ അഭയ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.  സ്‌പോൺസർ ഹലീമക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്തു. ഹലീമ നവയുഗം അൽഹസ മേഖല രക്ഷാധികാരി ഹുസൈൻ കുന്നിക്കോടിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. ഹുസൈനും, സാമൂഹ്യ പ്രവർത്തകൻ മണി മാർത്താണ്ഡവും ഹലീമക്കായി ലേബർ കോടതിയിൽ ഹാജരായി. സ്‌പോൺസർ നൽകിയ കേസ് തള്ളിയ കോടതി, ഹലീമ നൽകിയ കേസ് ഫയലിൽ സ്വീകരിച്ചു സ്‌പോൺസർക്ക് നോട്ടീസ് അയച്ചു. ആദ്യ പ്രാവശ്യം മാത്രം കോടതിയിൽ വന്ന സ്‌പോൺസർ പിന്നീട് വന്നതേയില്ല. കോടതി കേസ് ഹലീമക്ക് അനുകൂലമായി വിധിച്ചു. ഹലീമയുടെ പാസ്‌പോർട്ട് കിട്ടാനായി നവയുഗം പ്രവർത്തകരും പോലീസും അന്വേഷിച്ചെങ്കിലും സ്‌പോൺസറെ കണ്ടു കിട്ടിയില്ല. ഇതേ തുടർന്ന് ഹലീമക്ക് മൂന്നു മാസത്തോളം അഭയ കേന്ദ്രത്തിൽ താമസിക്കേണ്ടി വന്നു. 
എങ്ങനെയും നാട്ടിൽ പോയാൽ മതി എന്ന ഹലീമയുടെ അഭ്യർഥന മാനിച്ച് ഹുസൈനും മണിയും ഇന്ത്യൻ എംബസി വഴി അവർക്ക് ഔട്ട്പാസ് എടുത്തു നൽകി. വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് വിസയും അടിച്ചു വാങ്ങി. സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് ഹലീമ നാട്ടിലേക്ക് മടങ്ങി.
 

Latest News