അബുദാബി- മുന്‍സോവിയറ്റ് റിപ്പബ്ലിക്കായ ജോര്‍ജിയയിലെ കാര്‍ഷിക-ഭക്ഷ്യ മേഖലകളിലെ സാധ്യതകള്‍ തേടി ലുലുഗ്രൂപ്പ്. യു.എ.ഇ.യില്‍ ഔദ്യോഗികസന്ദര്‍ശനം നടത്തുന്ന ജോര്‍ജിയയുടെ സാമ്പത്തിക സുസ്ഥിര വികസന വകുപ്പുമന്ത്രി നതാലിയ ടുര്‍നാവയുമായി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചനടന്നത്.
കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കുന്ന ജോര്‍ജിയയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വന്‍കയറ്റുമതി സാധ്യതകളാണുള്ളതെന്ന് ജോര്‍ജിയന്‍ മന്ത്രി പറഞ്ഞു.
ജോര്‍ജിയയില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിക്ഷേപകര്‍ക്ക് എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. ജോര്‍ജിയയിലെ ഭക്ഷ്യവസ്തു കയറ്റുമതി സാധ്യതകളെപ്പറ്റിയുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലുഗ്രൂപ്പിന്റെ ഉന്നതതലസംഘം ജോര്‍ജിയ സന്ദര്‍ശിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.
അബുദാബിയിലെ ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ജോര്‍ജിയ സാമ്പത്തികവകുപ്പ് സഹമന്ത്രി ഗെന്നഡി അര്‍വേലാസ്, യു.എ.ഇ. യിലെ ജോര്‍ജിയന്‍ സ്ഥാനപതി പാത്ത കലന്ധാസ്, ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ സലീം വി.എ. എന്നിവരും സംബന്ധിച്ചു.