പാലാ ബിഷപ്പ് കേരളത്തിലെ ക്രൈസ്തവരുടെ ഒരേഒരു പ്രതിനിധിയല്ല. മുസ്ലിംകൾക്കിടയിലുള്ള പോലെ ക്രിസ്ത്യൻ സമൂഹത്തിലും പല വിഭാഗങ്ങളുണ്ട്. പാലാ ബിഷപ്പിന്റെ വർഗ്ഗീയ പ്രസ്താവനക്കെതിരെ തുടക്കം മുതൽ പരസ്യമായി പ്രതികരിച്ച ഒരു പുരോഹിതനാണ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ തിരുമേനി. മറ്റ് മതവിഭാഗങ്ങളെ ആക്ഷേപിക്കുന്നത് ക്രിസ്തീയ മൂല്യങ്ങൾക്ക് എതിരാണെന്ന് തുറന്ന് പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിന് നവമാധ്യമങ്ങളിൽ ക്രിസംഘികളുടെ പൊങ്കാല ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ കേരളത്തിലെ സാമൂഹികാന്തരീക്ഷവും പരസ്പര സഹവർത്തിത്വവും മെച്ചപ്പെടുത്താൻ
വേണ്ടി ഒരുമിച്ചിരിക്കാൻ താല്പര്യപ്പെടുമ്പോൾ ആ ക്ഷണം സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് മാത്രമല്ല അത് അദ്ദേഹത്തോടുള്ള ഐക്യപ്പെടൽ കൂടിയാണ്.
തിരുവനന്തപുരത്തു നടന്നത് മുസ്ലിം-ക്രിസ്ത്യൻ മധ്യസ്ഥ ചർച്ച ആണെന്ന് യോഗം വിളിച്ചവരോ അതിൽ പങ്കെടുത്തവരോ പറഞ്ഞിട്ടില്ല. വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പ് അതിൽ പങ്കെടുത്തിട്ടുമില്ല. മാത്രമല്ല ഇപ്പോഴത്തെ വിവാദത്തിൽ കക്ഷിയല്ലാത്ത ഹൈന്ദവ മതത്തിന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ആ യോഗം വിളിച്ചു ചേർത്തവരും അതിൽ സംബന്ധിച്ചവരുമെല്ലാം പാലാ ബിഷപ്പിന്റെ പരാമർശം തെറ്റാണെന്ന നിലപാടുള്ളവരും അത് പരസ്യമായി പ്രഖ്യാപിച്ചവരുമാണ്. തുടർന്നുള്ള സംയുക്ത പത്രസമ്മേളനത്തിലും അവർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഈ നിലപാടുള്ളവർ ഒരുമിച്ചിരിക്കുന്നത് ഇതുവരെ തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യാത്ത പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തൽ കൂടിയല്ലേ.
വസ്തുത ഇതായിരിക്കെ, മുനവ്വറലി തങ്ങളും ക്ലിമ്മീസ് ബാവയും പരസ്പരം ആശ്ലേഷിക്കുന്ന ചിത്രം കണ്ട് പലരും അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
നിലവിലെ സാഹചര്യത്തിൽ ഈ യോഗത്തിൽ പങ്കെടുത്തതിന്റെ പേരിലോ പങ്കെടുക്കാത്തതിന്റെ പേരിലോ ആരെയും ആക്ഷേപിക്കേണ്ട കാര്യമില്ല. പാണക്കാട് കുടുംബാംഗം എന്ന നിലയിൽ യൂത്ത്ലീഗ് പ്രസിഡഡന്റായ മുനവ്വറലി തങ്ങൾ അതിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അനുവാദത്തോടെയാണ് തങ്ങൾ അതിൽ പങ്കെടുത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും അതാണ്. മഹാനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും അതാണ് ചെയ്തത്. അതിന്റെ പേരിൽ അദ്ദേഹത്തെ ഒറ്റുകാരനായി ചിത്രീകരിക്കുന്നത് ശരിയല്ല. ആരെങ്കിലും പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചാൽ പങ്കെടുത്തവരൊക്കെ മോശക്കാരും ഒറ്റുകാരുമാണെന്ന് തീർപ്പ് കൽപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്.
നന്മയിലേക്ക് പല വഴികളുമുണ്ടാകും. ഇങ്ങനെയൊരു യോഗം നടന്നത് കൊണ്ട് മുസ്ലിംകളും ഹൈന്ദവരും മാത്രമല്ല ക്രൈസ്തവരിലും പാലാ ബിഷപ്പിനോട് വിയോജിക്കുന്നവരുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനായത് പോസിറ്റിവായി കാണാവുന്നതാണ്. വർഗ്ഗീയതക്കെതിരെ നിലപാടുള്ളവർ ഇനിയും ഒരുമിച്ചിരിക്കട്ടെ..!