ദുബായ്- ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 ന് ആവേശം പകരാന്‍ ഔദ്യോഗിക ഗാനമെത്തി. 'ദിസ് ഈസ് ഔവര്‍ ടൈം' (ഇത് നമ്മുടെ നാളുകള്‍) എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വീഡിയോ, യു.എ.ഇയുടെ സംസ്‌കാരം, ജീവിതം, കാഴ്ചകള്‍ എന്നിവ പ്രതിനിധീകരിക്കുന്നു.
ലോക രാജ്യങ്ങളുടെ സംഗമമൊരുക്കുന്ന ഉത്സവത്തിലേക്ക് സ്വാഗതമോതുകയാണ് ഈ ഗാനത്തിലൂടെ. മനസ്സുകളെ ഒന്നിപ്പിക്കുന്നു, ഭാവിയെ സൃഷ്ടിക്കുന്നു എന്നതാണ് എക്‌സ്‌പോ 2020യുടെ മുദ്രാവാക്യം.
യുഎഇയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലബനീസ്-അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ മൈസ്സ കാര എന്നിവരോടൊപ്പം മധ്യപൂര്‍വദേശത്തെ സ്പോട്ടിഫൈയുടെ മികച്ച വനിതാ പ്രതിഭകളുടെ പട്ടികയില്‍ ഇടം നേടിയ സ്വദേശി ഗായികയും ഗാനരചയിതാവുമായ 21 കാരി അല്‍ മാസ് എന്നിവരാണ് വീഡിയോ ഗാനത്തില്‍ അണിനിരക്കുന്നത്.