കോഴിക്കോട്- നാര്‍കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് മുസ്്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. ക്യാമ്പസില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന സി.പി.എം റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയുടെ നിലപാട് അറിയേണ്ടതുണ്ട്. ഏത് ക്യാമ്പസിലാണെന്നും ഇതിന് തെളിവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഒപ്പം നില്‍ക്കുമെന്നും എം.കെ. മുനീര്‍ പറഞ്ഞു. ആര് തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്നുള്ളത് ആഭ്യന്തരംകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ ലോകത്തോട് പറയണം. കാരണം ആ തീവ്രവാദത്തെ എതിര്‍ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ കൂടി അത് തടയാന്‍ സഹായിക്കുമല്ലോ. ഏതെങ്കിലും പ്രൊഫഷണല്‍ കോളജില്‍ അത്തരം കാര്യമുണ്ടെങ്കില്‍ പറയണം.
സമുദായങ്ങളെ ഒന്നിച്ചുനിര്‍ത്തേണ്ടവര്‍, അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് എത്രമാത്രം ഗുണകരമാണെന്നത് പരിശോധിക്കണമെന്നും മുനീര്‍ പറഞ്ഞു.