റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ വർഷം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത രീതിയിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 1024 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. വിദേശികൾ അയക്കുന്ന പണത്തിൽ 6.74 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞ വർഷം സൗദിയിലെ വിദേശികൾ ആകെ 14,165 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അറിയിച്ചു. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
2012 ൽ 12,524 കോടിയും 2013 ൽ 14,796 കോടിയും 2014 ൽ 15,329 കോടിയും 2015 ൽ 15,685 കോടിയും 2016 ൽ 15,189 കോടിയും ആയിരുന്നു വിദേശികൾ അയച്ചത്. കഴിഞ്ഞ കൊല്ലം വിദേശികൾ അയച്ച പണത്തിൽ രേഖപ്പെടുത്തിയ കുറവിന്റെ അനുപാതം 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അനുപാതമാണ്. ഇതിനു മുമ്പ് 1996 ലാണ് വിദേശികൾ അയക്കുന്ന പണത്തിൽ ഇതിലും ഉയർന്ന അനുപാതത്തിൽ കുറവ് രേഖപ്പെടുത്തിയത്. ആ വർഷം എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2016 ൽ ഇത് 3.16 ശതമാനമായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ 3.8 ശതമാനം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 1404 കോടി റിയാലും നവംബറിൽ 1352 കോടി റിയാലുമാണ് വിദേശികൾ അയച്ചത്. വർഷാവസാനമായ ഡിസംബറിൽ സാധാരണ അയക്കുന്ന തുകയിൽ വർധനവ് രേഖപ്പെടുത്തുന്നത് പതിവാണ്. പതിനെട്ടു മാസത്തിനിടെ വിദേശികൾ ഏറ്റവും കൂടുതൽ പണമയച്ചത് കഴിഞ്ഞ മാസമാണ്. എന്നാൽ 2016 ജൂണിലാണ് വിദേശികളുടെ റെമിറ്റൻസ് സർവകാല റെക്കോർഡ് രേഖപ്പെടുത്തിയത്- 1580 കോടി റിയാൽ.
2015 നെ അപേക്ഷിച്ച് 2016 ൽ വിദേശികൾ അയച്ച പണത്തിൽ 500 കോടി റിയാലിന്റെ കുറവുണ്ടായി. 2005 മുതൽ 2015 വരെ തുടർച്ചയായി 11 വർഷം വർധനവ് രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് 2016 ൽ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 9.6 ശതമാനം വർധനവ് രേഖപ്പെടുത്തി. 2017 ൽ സൗദികൾ 6527 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2016 ൽ ഇത് 5957 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം സൗദികൾ അയക്കുന്ന പണത്തിൽ 570 ഓളം കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.