Sorry, you need to enable JavaScript to visit this website.

മൂന്നു കിലോമീറ്റര്‍ ദൂരം രക്തപ്പാടുകള്‍ പിന്തുടര്‍ന്നു; ദമ്പതികളുടെ കൊലപാതകത്തിന് തുമ്പുണ്ടാക്കി

ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡെന്‍സിനു കീഴിലെ ക്രൈം സീന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ കേസന്വേഷണത്തില്‍.

ദുബായ് - മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കണ്ട രക്തപ്പാടുകള്‍ പിന്തുടര്‍ന്ന് സങ്കീര്‍ണമായ കൊലക്കേസിന് തുമ്പുണ്ടാക്കിയത് ദുബായ് പോലീസിന് പൊന്‍തൂവലായി.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡെന്‍സിനു കീഴിലെ ക്രൈം സീന്‍ ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു അന്വേഷണത്തിനു പിന്നില്‍.  ഏഷ്യന്‍ വ്യവസായിയും ഭാര്യയും റെസിഡന്‍ഷ്യല്‍ കോംപൗണ്ടില്‍ കൊല്ലപ്പെട്ട കേസിനാണ് തുമ്പുണ്ടാക്കിയതെന്ന് ക്രൈം സീന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കേണല്‍ മക്കി സല്‍മാന്‍ അഹ്മദ് സല്‍മാന്‍ പറഞ്ഞു.
ദമ്പതികള്‍ കൊല്ലപ്പെട്ട വീടിന്റെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തിയ സംഘം ഇത് കുറ്റവാളിയുടെതാകുമെന്ന് കരുതുകയായിരുന്നു. രക്തപ്പാടുകള്‍ പിന്തുടര്‍ന്ന് റെസിഡന്‍ഷ്യല്‍ കോംപൗണ്ടിനകത്തെ റോഡിലാണ് അന്വേഷണ സംഘം എത്തിയത്. ഇവിടെ വെച്ച് രക്തപ്പാടുകള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. അന്വേഷണം തുടര്‍ന്ന സംഘം വീണ്ടും രക്തപ്പാടുകള്‍ കണ്ടെത്തുകയും വളരെ കുറഞ്ഞ തോതിലായിട്ടും ദീര്‍ഘദൂരം ഇത് പിന്തുടരുകയുമായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഇരുമ്പ് ബാരിക്കേഡിലാണ് അന്വേഷണ സംഘം എത്തിയത്. ഈ ബാരിക്കേഡിലും രക്തത്തുള്ളികള്‍ കണ്ടെത്തി.
അന്വേഷണം തുടര്‍ന്ന സംഘം കൊലപാതകത്തിന് ഉപയോഗിച്ച കത്തി വൈകാതെ കണ്ടെത്തി. റോഡിലെ പെട്രോള്‍ ബങ്കിനു സമീപമാണ് ആയുധം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കത്തി വില്‍പന നടത്തിയ ഉറവിടം നിര്‍ണയിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് റെക്കോര്‍ഡ് സമയത്തിനകം അറസ്റ്റ് ചെയ്തത്.
ദമ്പതികള്‍ താമസിച്ചിരുന്ന വില്ലയില്‍ നേരത്തെ ജോലി നിര്‍വഹിച്ചിരുന്ന തൊഴിലാളികളില്‍ പെട്ട ഒരാളായിരുന്നു ഘാതകന്‍. മാസങ്ങള്‍ക്കു ശേഷം ഈ വില്ലയില്‍ കവര്‍ച്ച നടത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു. മോഷണ ലക്ഷ്യത്തോടെ പ്രതി വില്ലയില്‍ പ്രവേശിച്ചതോടെ വീട്ടുടമ ഉറക്കമുണരുകയും ഇതോടെ ഇദ്ദേഹത്തെയും ഭാര്യയെയും കുത്തിക്കൊല്ലുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ ദമ്പതികളുടെ മകളെയും പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.


 

 

Latest News