കോഴിക്കോട്- കൊല്ലത്തെ വിസ്മയ കേസിന് ശേഷം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലകള്‍ക്ക് ഒരു നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം എഴുതി ഒപ്പിട്ടുകൊടുക്കാതെ ബിരുദം കിട്ടില്ല. ഈ ഉത്തരവ് നടപ്പാക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാല.
'ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല' എന്ന്് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിയും ഇനിമുതല്‍ ഈ സത്യവാങ്മൂലം ഒപ്പിട്ട് നല്‍കണം. വിദ്യാര്‍ഥിക്കൊപ്പം രക്ഷിതാവും. ഇതുസംബന്ധിച്ച സര്‍ക്കുലറും സത്യവാങ്മൂലത്തിന്റെ മാതൃകയും സര്‍വകലാശാല പുറത്തിറക്കി.
സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാന്‍ കാലിക്കറ്റ് സര്‍വകലാശാല സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ അധ്യയനവര്‍ഷം നേരത്തെ അഡ്മിഷന്‍ നേടിയവരില്‍നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും സെപ്റ്റംബര്‍ 15-ന് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല, അതിന് പ്രേരിപ്പിക്കില്ല, വധു/വരന്മാരുടെ മാതാപിതാക്കളില്‍നിന്ന് സ്ത്രീധനം ആവശ്യപ്പെടില്ല എന്നതാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ട സത്യവാങ്മൂലം. സ്ത്രീധനനിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ ബിരുദം തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെ തനിക്കെതിരേ സ്വീകരിക്കുന്ന നടപടികള്‍ക്ക് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന് മനസിലാക്കുന്നതായും സത്യവാങ്മൂലത്തില്‍ ഒപ്പിട്ട് നല്‍കണം. വിലാസവും ആധാര്‍കാര്‍ഡ് നമ്പറും ഇതോടൊപ്പം സമര്‍പ്പിക്കണം.
അഡ്മിഷന്‍ സമയത്ത് രക്ഷിതാവും സമാനമായ സത്യവാങ്മൂലം തന്നെയാണ് ഒപ്പിട്ട് നല്‍കേണ്ടത്. അതേസമയം, സത്യവാങ്മൂലത്തിലെ ചിലകാര്യങ്ങളില്‍ ഇതിനോടകം തന്നെ അഭിപ്രായവ്യത്യാസമുയര്‍ന്നിട്ടുണ്ട്. സ്ത്രീധനനിരോധന നിയമം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ സ്വീകരിക്കുന്ന ബിരുദം തിരിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ചര്‍ച്ചയായിരിക്കുന്നത്. ഇതിന് ഒരിക്കലും നിയമസാധുതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.