കൊട്ടാരക്കര- ബിജെപി സംഘടിപ്പിച്ച സ്മൃതികേരം തെങ്ങിന്‍തൈ വിതരണ പരിപാടിക്കെത്തിയ സുരേഷ് ഗോപി എംപി അണികള്‍ സാമൂഹിക അകലം പാലിക്കാത്തതില്‍ രോഷാകുലനായി വേദിയില്‍ കയറാതെ മടങ്ങി. കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളില്‍ ഇന്നലെ വൈകീട്ടായിരുന്നു പരിപാടി. സുരേഷ് ഗോപി എത്തിയതു മുതല്‍ പ്രവര്‍ത്തകരും നേതാക്കളും തിക്കുംതിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ പരിപാടി ഉപേക്ഷിച്ച് മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് തെങ്ങിന്‍തൈ നട്ട് പരിപാടികള്‍ തുടങ്ങി. പൊതുചടങ്ങിനായി ജൂബിലി മന്ദിരം ഹാളിലെത്തിയപ്പോള്‍ അവിടേയും അണികളുടെ തിക്കും തിരക്കും. അകലം പാലിക്കാന്‍ സുരേഷ് ഗോപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അണികള്‍ കേട്ടില്ല. സീറ്റുകളില്‍ ഇരിക്കാനും തിരക്ക് ഒഴിവാക്കാനും നേതാക്കളും മൈക്കിലൂടെ വിളിച്ചു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി പരിപാടി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.