Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സംഭാവന പിരിക്കുന്നവർക്ക് കടുത്ത ശിക്ഷക്ക് നീക്കം

  • പുതിയ നിയമം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ

റിയാദ് - ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. നിയമം അടുത്ത മാസം ഏഴിന് ശൂറാ കൗൺസിൽ ചർച്ചക്കെടുക്കും. ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്കും സംഭാവന നൽകുന്നതിന് ആഹ്വാനം ചെയ്യുന്നവർക്കും ആറു മാസം മുതൽ രണ്ടു വർഷം വരെ തടവാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം

ശിക്ഷ പൂർത്തിയാക്കിയ ശേഷം കുറ്റക്കാരായ വിദേശികളെ നാടുകടത്തും. സംഭാവനകൾ പിരിക്കുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങൾ തന്നെ ബന്ധപ്പെട്ട വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയില്ലെങ്കിൽ രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. 
ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുകയോ സംഭാവനകൾക്ക് ആഹ്വാനം ചെയ്യുകയോ നിയമത്തിന് നിരക്കാത്ത നിലക്ക് സംഭാവനകൾ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നു. സംഭാവന ശേഖരണ നിയമത്തിലെ വകുപ്പുകൾ ലംഘിക്കുന്ന, സംഭാവന സമാഹരണത്തിന് ലൈസൻസുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അര ലക്ഷം റിയാൽ പിഴ ലഭിക്കും. 
ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷിച്ചും രേഖകൾ പരിശോധിച്ചും ഉറപ്പു വരുത്തിയല്ലാതെ സംഭാവന ശേഖരണത്തിനുള്ള രസീതികൾ പ്രസുകൾ അച്ചടിക്കുന്നത് വിലക്കുണ്ട്. രസീതികൾ അച്ചടിക്കുന്ന പ്രസിന്റെ പേര്, സംഭാവന ശേഖരണത്തിനുള്ള ലൈസൻസ് നമ്പർ, ലൈസൻസ് തീയതി, രസീതികൾ സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയെല്ലാം പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം. 
പ്രത്യേക സംഖ്യകൾ രേഖപ്പെടുത്തുന്ന സംഭാവന കൂപ്പണുകളുടെ അച്ചടി സർക്കാർ പ്രസുകളിൽ മാത്രമായി പരിമിതപ്പെടുത്തും. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസില്ലാത്ത സന്നദ്ധ സംഘടനകളുടെ സംഭാവന സമാഹരണ പരസ്യങ്ങൾ മാധ്യമങ്ങൾ പരസ്യപ്പെടുത്തുന്നതും നിർദിഷ്ട നിയമം വിലക്കുന്നു. സൗദികളല്ലാത്തവരിൽനിന്നും വിദേശ ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ബാധകമായിരിക്കും. 
ഏതു മേഖലയിൽ പ്രവർത്തിക്കുന്നതിനാണോ സ്ഥാപിച്ചത് ആ ലക്ഷ്യത്തിന് അനുസൃതമായ ആവശ്യങ്ങൾക്കു മാത്രമാണ് സംഭാവനകൾ ശേഖരിക്കുന്നതിനും ചെലവഴിക്കുന്നതിനും ലൈസൻസുള്ള സന്നദ്ധ സംഘടനകൾക്ക് അനുമതിയുണ്ടാവുക. 
നിശ്ചിത കാലത്തേക്കു മാത്രമാണ് സംഭാവനകൾ ശേഖരിക്കുന്നതിന് സന്നദ്ധ സംഘടനകൾക്ക് ലൈസൻസ് നൽകുക. ഈ സമയം അവസാനിച്ചാലുടൻ സംഭാവന ശേഖരണത്തെക്കുറിച്ച വിശദമായ കണക്കുകൾ ലൈസൻസുള്ള അക്കൗണ്ടന്റുമാർ വഴി തയാറാക്കി ബന്ധപ്പെട്ട വകുപ്പിന് സമർപ്പിച്ചിരിക്കണം. സംഭാവന ശേഖരണത്തിന് പ്രത്യേക കാലം നിശ്ചയിക്കാത്ത ലൈസൻസുകളാണെങ്കിൽ വിശദമായ കണക്കുകൾ എല്ലാ വർഷവും ഈ രീതിയിൽ ബന്ധപ്പെട്ട വകുപ്പിന് സമർപ്പിക്കൽ നിർബന്ധമാണ്. സംഭാവന ശേഖരണ മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദികൾക്കു മാത്രമാണ് അനുമതിയുള്ളതെന്നും കരടു നിയമം വ്യക്തമാക്കുന്നു. 

Latest News