Sorry, you need to enable JavaScript to visit this website.

തൊഴിലാളികളില്‍നിന്ന് ലെവി ഈടാക്കിയാല്‍ 10,000 റിയാല്‍ പിഴ

  • 67 തൊഴിൽ നിയമ ലംഘനങ്ങൾക്ക് ആയിരം മുതൽ കാൽ ലക്ഷം റിയാൽ വരെ പിഴ

റിയാദ്- പിഴയും ശിക്ഷകളും ലഭിക്കുന്ന 67 തൊഴിൽ നിയമ ലംഘനങ്ങൾ നിർണയിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് ഉത്തരവിട്ടു. ഈ നിയമ ലംഘനങ്ങൾക്ക് ആയിരം റിയാൽ മുതൽ കാൽ ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. 

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം

ഇഖാമ, റീ-എൻട്രി, ലെവി തുടങ്ങി തൊഴിലുടമ വഹിക്കേണ്ട ഫീസുകളും ചെലവുകളും തൊഴിലാളിയുടെ മേൽ കെട്ടിവെക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. തൊഴിൽ മന്ത്രാലയ സേവനങ്ങളും തൊഴിൽ വിസകളും ലഭിക്കുന്നതിന് വ്യാജ വിവരങ്ങൾ സമർപ്പിക്കുന്ന തൊഴിലുടമകൾക്ക് 25,000 റിയാൽ പിഴ ലഭിക്കും. മന്ത്രാലയത്തിൽനിന്ന് ലൈസൻസില്ലാതെ സൗദികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്ന (എംപ്ലോയ്‌മെന്റ്) മേഖലയിൽ പ്രവർത്തിക്കൽ, ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ്-തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കൽ, ലൈസൻസ് മറ്റുള്ളവർക്ക് വാടകക്ക് നൽകൽ എന്നീ നിയമ ലംഘനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തി സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടപ്പിക്കും. 

തൊഴിലാളികളുടെ പേരുവിവരങ്ങൾ, വേതനം, നിയമ ലംഘനങ്ങൾക്ക് തൊഴിലാളികൾക്ക് ചുമത്തിയ പിഴ എന്നിവ വ്യക്തമാക്കുന്ന റെക്കോർഡുകളും രേഖകളും ഹാജർ രേഖകളും സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കാത്ത പക്ഷം തൊഴിലുടമക്ക് 5000 റിയാൽ പിഴ ലഭിക്കും. തൊഴിലാളികൾക്ക് സർവീസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നാലും തൊഴിലാളിക്ക് അപകീർത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങൾ കുറയ്ക്കുകയോ ചെയ്യുന്ന പരാമർശങ്ങൾ സർവീസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാലും ഇതേ തുക പിഴ ലഭിക്കും. 
കൃത്യമായി ജോലി നിർവഹിക്കാത്തതിനും മറ്റും തൊഴിലാളികളിൽനിന്ന് പിഴ ഇനത്തിൽ ഈടാക്കുന്ന തുക അവർക്ക് ഗുണകരമായ മേഖലകളിലല്ലാതെ ചെലവഴിക്കുന്നത് നിയമ ലംഘനമാണ്. ഇതിന് പതിനായിരം റിയാൽ പിഴ ലഭിക്കും. വനിതാ ജീവനക്കാർ ഹിജാബ് വ്യവസ്ഥകൾ പാലിക്കാത്തതിന് ആയിരം റിയാലാണ് പിഴ. 

Latest News