മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് സി.പി.എം. മാര്‍ഗരേഖ; ഫോണുപയോഗത്തില്‍ ജാഗ്രതവേണം

തിരുവനന്തപുരം- മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കിയതിനൊപ്പം, സ്റ്റാഫ് അംഗങ്ങള്‍ക്കും സി.പി.എം. മാര്‍ഗരേഖയിറക്കി. വ്യക്തിതാത്പര്യങ്ങള്‍ക്കും സ്ഥാപിത താത്പര്യക്കാര്‍ക്കും കീഴ്‌പ്പെടാതിരിക്കാന്‍ ശ്രദ്ധവേണമെന്നാണ് നിര്‍ദേശം. ഇതുറപ്പാക്കാന്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനം പരിശോധിക്കണം. ഫോണുപയോഗത്തില്‍ മിതത്വം വേണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു.
മൊബൈല്‍ ഫോണിലൂടെ എല്ലാ കാര്യങ്ങളും പറയുന്ന രീതിയുണ്ടാകരുത്. പറയുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. പരാതികള്‍ ഫോണിലൂടെ സ്വീകരിക്കരുത്. പരാതി പറയാന്‍ വിളിക്കുന്നവരോട് അവ എഴുതി നല്‍കാന്‍ നിര്‍ദേശിക്കണം. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍വഴി നല്‍കരുത്.
സ്ഥാപിത താത്പര്യക്കാര്‍ പലതരം ദൗര്‍ബല്യങ്ങളെയും ചൂഷണം ചെയ്യാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണം. ഓഫീസ് അംഗങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തണം. പ്രധാന കാര്യങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണം. ഈ കാര്യങ്ങളില്‍ പ്രത്യേക ഉത്തരവാദിത്വം മന്ത്രിമാരുടെ പവറ്റ് സെക്രട്ടറിക്കാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍
* സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെയും വകുപ്പ് മേധാവികളെയും യോഗം വിളിച്ച് തീരുമാനം നടപ്പാക്കാനുള്ള ചുമതല മന്ത്രിമാരുടെ ഓഫീസുകള്‍ക്ക്.
* ഓഫീസുകളുടെ പൊതുവിലുള്ള പ്രവര്‍ത്തനം െ്രെപവറ്റ് സെക്രട്ടറിമാര്‍ അറിയണം.
* ഓഫീസ് ജീവനക്കാര്‍ ഓഫീസില്‍ വരുന്നവരോട് നല്ലരീതിയില്‍ പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണം.
* ഓഫീസ് വിട്ട് ജീവനക്കാര്‍ പുറത്തുപോകുമ്പോള്‍ അവര്‍ എവിടെയാണെന്ന വിവരം ഓഫീസിലുണ്ടാകണം.
* ഓഫീസ് ജീവനക്കാരുടെ യോഗം മാസത്തിലൊരിക്കലെങ്കിലും സെക്രട്ടറി വിളിച്ചുചേര്‍ക്കണം.
* ഓഫീസിലെ ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന് ചര്‍ച്ച നടത്തണം.
* അതതു ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാന്‍ ഓഫീസിലെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം.
* പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ ശരിയായ ഇടപെടല്‍ ഉണ്ടാകണം.
* രാഷ്ട്രീയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
 

Latest News