മുവാറ്റുപുഴ- ഇടക്കാല പദവി വഹിക്കുന്ന പ്രസിഡന്റിനു പകരം കോണ്‍ഗ്രസിന് ഒരു സ്ഥിരം പ്രസിഡന്റ് വേണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. കോണ്‍ഗ്രസ് നേതാക്കളെല്ലാം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞങ്ങളെല്ലാം തൃപ്തരാണ്. വര്‍ഷങ്ങളായി അവര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി നല്‍കാന്‍ ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റില്ല. ഇത് പരിഹരിച്ചെ തീരൂ. കോണ്‍ഗ്രസിന്റെ സംഘടനാ ഘടനയ്ക്ക് ഊര്‍ജ്ജം പകരേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കു കീഴില്‍ ഒരു പുതിയ നേതൃത്വം വരുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ അത് ഉടന്‍ സംഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.