കൊച്ചി- കിറ്റെക്സ് കമ്പനിയെ വിമര്‍ശിച്ചാല്‍ കൊന്നുകളയുമെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഭീഷണി സന്ദേശം. കിറ്റക്സ് കമ്പനിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്നാണ് ഭീഷണി കത്ത് വന്നത്. ഭീഷണിക്കത്ത് എം.എല്‍.എയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെയാണ് കത്ത് ലഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ എന്ന ആളുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. വെങ്ങോല സ്വദേശിയാണെന്നും ഐ.എസില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും കത്തില്‍ പറയുന്നുണ്ട്. ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും എല്‍ദോസ് കത്തു നല്‍കിയിട്ടുണ്ട്. തനിക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.