Sorry, you need to enable JavaScript to visit this website.

മാനസ കൊലക്കേസ്: ബീഹാറില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി

കൊച്ചി-കോതമംഗലത്ത് ദന്തകോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രഗില്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ബീഹാറില്‍ തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവിയും, അന്വേഷണത്തലവനുമായ കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. രഗിലിന്റെ ഉറ്റ സുഹൃത്ത് കണ്ണൂര്‍ സ്വദേശി ആദിത്യനുമൊത്താണ് സംഘം തെളിവെടുത്തത്.
തോക്ക് വാങ്ങാന്‍ രഗിലിനൊപ്പം ബിഹാറില്‍ എത്തിയതായി കണ്ടെത്തിയതിനാലാണ് രഗിലിനെ അറസ്റ്റ് ചെയ്തത്. പട്‌ന, മോഗീര്‍, വാരണാസി എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്റീരിയര്‍ ഡെക്കറേഷന് സാധനങ്ങള്‍ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ കൂടിയതെന്നാണെന്നും ബീഹാറില്‍ ചെന്നപ്പോഴാണ് തോക്കു വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമായിരുന്നു ആദിത്യന്റെ മൊഴി. രഗിലാണ് ഇടനിലക്കാരനും, ടാക്‌സി ഡ്രൈവറുമായ മനീഷിനെ പരിചയപ്പെടിത്തിയതെന്ന് ആദിത്യന്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൂന്നുപേരും കൂടി മുഗീര്‍ രാജ് പാലസ് ഹോട്ടലില്‍ തോക്കു വാങ്ങുന്നതിന് മൂന്ന് ദിവസം താമസിക്കുകയായിരുന്നു.
ഓരോ ദിവസവും പുതിയ മുറിയിലാണ് ഇവര്‍ താമസിച്ചത്. ഹോട്ടലുകളിലെ ജീവനക്കാര്‍ തെളിവെടുപ്പിനിടെ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സോനുവിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. സോനുവിന്റെ വീടിന്റെ പിറകില്‍ കൊടുംവനമാണ്. ഈ വനത്തിനുള്ളിലാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയത്. തോക്ക് കൈമാറിയ സ്ഥലവും, പണം എടുത്ത എ.ടി.എമ്മും, പട്‌നയിലും വരാണസിയിലും ഇവര്‍ താമസിച്ച ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വാരണാസിയില്‍ വച്ച് ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് ആദിത്യന്‍ ഇറങ്ങുകയും രഗില്‍ തനിച്ച് നാട്ടിലേക്ക് പോരുകയുമായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നേരത്തേ ബിഹാറിലെത്തിയ അന്വേഷണ സംഘം തോക്കു കൈമാറിയ കേസില്‍ മുന്‍ഗര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, ഇടനിലക്കാരന്‍ ബര്‍സാദ് സ്വദേശി ടാക്‌സി ഡ്രൈവര്‍ മനീഷ്കുമാര്‍ വര്‍മ എന്നിവരെ പിടികൂടിയിരുന്നു. അഞ്ച് ദിവസം നീണ്ട തെളിവുശേഖരണമാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയത്. എസ് എച്ച് ഒ വി എസ് വിപിന്‍, എ എസ് ഐ വി എം രഘുനാഥന്‍,സി പി ഒമാരായ എം കെ ഷിയാസ്,ബേസില്‍ പി ഏലിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Latest News