Sorry, you need to enable JavaScript to visit this website.

ജി.എസ്.ടിയില്‍ പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്നത് വ്യാജ പ്രചാരണം- ധനമന്ത്രി

ന്യൂദല്‍ഹി- പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം ബോധപൂര്‍വം തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണെന്നു സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തില്‍ ബി.ജെ.പി അടക്കം ഇത്തരത്തില്‍ വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഒരടിസ്ഥാനവും ഇല്ലാത്ത പ്രചാരണമാണിത്. പാചക വാതകം ജി.എസ്.ടിയുടെ പരിധിയില്‍ തന്നെയാണുള്ളത്. എന്നിട്ടും കഴിഞ്ഞ വര്‍ഷങ്ങളില്‍ പാചക വാതക വിലയില്‍ വന്‍ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച നടന്ന ജി.എസ്.ടി കൗണ്‍സിലില്‍ പങ്കെടുത്ത ശേഷം ദല്‍ഹിയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.
ഇപ്പോള്‍ തന്നെ 28 രൂപ ഡീസലിനും 26 രൂപ പെട്രോളിനും പ്രത്യേക സെസ് ആയി കേന്ദ്രം പിരിക്കുന്നുണ്ട്. ഇതിനു പുറമേ നാല് രൂപ ഡീസലിന് അഗ്രിക്കള്‍ച്ചര്‍ സെസും മറ്റു സെസും ഉള്‍പ്പടെ 30 രൂപയാണ് പിരിക്കുന്നത്. വില കുറയ്ക്കണമെങ്കില്‍ ഈ സെസുകള്‍ ഒഴിവാക്കണം എന്നതാണ് കേരളത്തിനൊപ്പം തന്നെ മറ്റു സംസ്ഥാനങ്ങളും മുന്നോട്ട് വെച്ചത്. ജി.എസ്.ടിയില്‍ പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്്.
പ്രത്യേക സെസ് ഏര്‍പ്പെടുത്തുക വഴി വലിയ തോതില്‍ പണം കൊടുക്കേണ്ടി വരുന്ന സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ഇനി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ നിലവില്‍ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതികൂടി കേന്ദ്രത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടാകുക. ഇത്തരത്തില്‍ കേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഒരു ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കേരളം ശക്തമായി കഴിഞ്ഞ ജി.എസ്.ടി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

 

Latest News